തിരുവനന്തപുരം: സംസ്ഥാനത്ത് എസ്എസ്എൽസി, ഹയർ സെക്കൻഡറി, വൊക്കേഷനൽ ഹയർ സെക്കൻ്ററി പരീക്ഷകൾക്ക് തുടക്കം. വ്യാഴാഴ്ച എസ്എസ്എൽസി, പ്ലസ് വൺ പരീക്ഷകൾ നടക്കും. പ്ലസ് ടു പരീക്ഷകൾക്ക് ശനിയാഴ്ചയാവും തുടക്കമാവുക. സംസ്ഥാനത്ത് 3,031 പരീക്ഷാ കേന്ദ്രങ്ങളിലായി 13 ലക്ഷത്തിലധികം വിദ്യാർത്ഥികളാണ് പരീക്ഷ എഴുതുന്നത്. കേരളത്തിൽ 4,17,497 കുട്ടികൾ പത്താംക്ലാസ് പരീക്ഷ എഴുതും. 4,11,025 വിദ്യാർത്ഥികൾ ഹയർ സെക്കൻ്ററി ഒന്നാം വർഷ പരീക്ഷയും 4,52,437 വിദ്യാർത്ഥികൾ രണ്ടാംവർഷ പരീക്ഷയും എഴുതും. 34,122 വിദ്യാർത്ഥികൾ ഒന്നാം വർഷ ഇംപ്രൂവ്മെൻറ് പരീക്ഷ എഴുതും. എസ്എസ്എൽസി പരീക്ഷ രാവിലെ 9.30 മുതലും ഒന്നാം വർഷ ഹയർ സെക്കൻ്ററി പരീക്ഷ ഉച്ചക്ക് ശേഷവുമാണ് നടക്കുന്നത്. എസ്എസ്എൽസി പരീക്ഷ മാർച്ച് 30നും ഹയർ സെക്കൻ്ററി, വിഎച്ച്എസ്ഇ പരീക്ഷകൾ 28നും അവസാനിക്കും. ഫല പ്രഖ്യാപനം മെയ് 22ന് നടത്തും.
