കോട്ടയം: കേരളാ കോൺഗ്രസ് കർഷക യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറിയായി കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് മുൻ സ്റ്റാൻറിംഗ് കമ്മറ്റി ചെയർമാനും വടാട്ടുപാറ റൂറൽ സഹകരണ ബാങ്ക് മുൻ പ്രസിഡണ്ടുമായ കെ.ഇ ജെയിംസ് കോറമ്പേൽ കോതമംഗലത്തെ തെരഞ്ഞെടുത്തതായി സംസ്ഥാന പ്രസിഡണ്ട് വർഗീസ് വെട്ടിയാങ്കൽ അറിയിച്ചു.
കർഷക കോൺഗ്രസ് സംസ്ഥാന എക്സിക്യൂട്ടീവ് മെമ്പർ, മദ്യവിരുദ്ധ ഏകോപനസമിതി സംസ്ഥാന സെക്രട്ടറി, ഗ്രീൻ വിഷൻ കേരള സംസ്ഥാന വൈസ്പ്രസിഡണ്ട്, മോട്ടിവേറ്റ് സംസ്ഥാന ട്രെയിനർ, തുടങ്ങിയ സ്ഥാനങ്ങളിൽ പ്രവർത്തിച്ചു വരുന്ന ജെയിംസ് കോറമ്പേൽ വിവിധ സാമൂഹ്യ-സാംസ്കാരികപ്രവർത്തന മേഖലകളിലെ പ്രവർത്തനങ്ങൾക്ക് 50 സംസ്ഥാന അവാർഡുകളും 4 ദേശീയ അവാർഡുകളും നേടിയിട്ടുളള വ്യക്തിയാണ്. സാമൂഹ്യ-സാംസ്കാരിക- മാധ്യമ-പൊതു രംഗങ്ങളിൽ സജീവ സാന്നിദ്ധ്യമായ ജെയിംസ് കോറമ്പേൽ കർഷകതൊഴിലാളി ഫെഡറേഷൻ നിയോജകമണ്ഡലം പ്രസിഡൻറ്, ജില്ലാ സെക്രട്ടറി യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻറ്, ബ്ലോക്ക് പ്രസിഡൻറ്, കോൺഗ്രസ് മണ്ഡലം-ബ്ലോക്ക് പ്രസിഡണ്ട്, ജില്ലാ സെക്രട്ടറി, ജവഹർബാലമഞ്ച് ജില്ലാ കോ- ഓർഡിനേറ്റർ തുടങ്ങിയ സ്ഥാനങ്ങളിലും പ്രവർത്തിച്ചിട്ടുണ്ട്.
കേരള കോൺഗ്രസ് നിയോജകമണ്ഡലം- ജില്ലാകമ്മറ്റികളുടെയും പാർട്ടി ചെയർമാൻ പി.ജെ ജോസഫ് എം.എൽ.എയുടേയും നിർദ്ദേശാനുസരണം കോട്ടയത്ത് കൂടിയ കേരള കർഷകയൂണിയൻ സംസ്ഥാനകമ്മറ്റി യോഗമാണ് ജെയിംസ് കോറമ്പേലിനെ സംസ്ഥാന ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുത്തത്.
സംസ്ഥാന പ്രസിഡൻറ് വർഗീസ് വെട്ടിയാങ്കൽ അധ്യക്ഷത വഹിച്ചു. കേരളാ കോൺഗ്രസ് വർക്കിംഗ് ചെയർമാൻ പി.സി. തോമസ്, എക്സിക്യുട്ടീവ് ചെയർമാൻ മോൻസ് ജോസഫ് എം.എൽ.എ., സെക്രട്ടറി ജനറൽ ജോയി അബ്രഹാം, കർഷക യൂണിയൻ സംസ്ഥാന ചുമതല വഹിക്കുന്ന പാർട്ടി ഡെപ്യൂട്ടി ചെയർമാൻ തോമസ് ഉണ്ണിയാടൻ, ജോസ് ജെയിംസ് നിലപ്പന, ജോയി തെക്കേടത്ത്, ആൻറണി ഓലിയപ്പുറം, സജി തെക്കേക്കര, വിനോദ് ജോൺ, ബിജു വെട്ടിക്കുഴ, ജോസ് തുടുമേൽ, വർഗീസ് താനം, റെജി കൊച്ചുമുട്ടം തുടങ്ങിയവർ പ്രസംഗിച്ചു.
സംസ്ഥാന ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട ജെയിംസ് കോറമ്പേലിനെ പാർട്ടി സംസ്ഥാന ഡെപ്യൂട്ടി ചെയർമാൻ ഷെവ. ടി.യു കുരുവിള, ജില്ലാ പ്രസിഡൻറ് ഷിബു തെക്കുംപുറം, നിയോജകമണ്ഡലം പ്രസിഡൻറ് എ.റ്റി.പൗലോസ്, ജോമി തെക്കേക്കര തുടങ്ങിയവർ അഭിനന്ദിച്ചു.
