കൊച്ചി: സ്വർണക്കടത്ത് കേസിൽ സർക്കാരിന് തിരിച്ചടി. ജുഡീഷ്യൽ കമ്മിഷൻ നിയമനം സ്റ്റേ ചെയ്ത സിംഗിൾ ബഞ്ച് നടപടിയ്ക്കെതിരായ സംസ്ഥാന സർക്കാരിൻറെ അപ്പീൽ ഡിവിഷൻ ബഞ്ച് തള്ളി.
ഇതോടെ ജുഡീഷ്യൽ കമ്മിഷൻ നിയമനത്തിന് സ്റ്റേ തുടരും. ഇഡി ഉദ്യോഗസ്ഥർക്കെതിരെയായിരുന്നു സർക്കാരിൻറെ ജുഡീഷ്യൽ അന്വേഷണം. ഇഡിക്കെതിരേ അന്വേഷണത്തിന് ജുഡീഷ്യൽ കമ്മിഷനെ നിയമിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. കേസ് നിലനിൽക്കുന്നതുവരെ ഇഡി ഉദ്യോഗസ്ഥർക്കെതിരായ ജുഡീഷ്യൽ കമ്മിഷണം സ്റ്റേ ചെയ്യണമെന്ന് ഇഡി കോടതിയിൽ ആവശ്യപ്പെട്ടിരുന്നു.
1952ലെ കമ്മീഷൻ ഓഫ് എൻക്വയറി ആക്ട് പ്രകാരം ഒരു കേന്ദ്ര ഏജൻസിക്കെതിരേ സംസ്ഥാന സർക്കാരിന് ഇത്തരത്തിലൊരു കമ്മിഷനെ വെക്കാൻ അധികാരമില്ലെന്ന് ഇഡി കോടതിയിൽ വാദിച്ചിരുന്നു. കമ്മീഷന് നിയമപരമായി ഒരു സാധുതയും ഇല്ലെന്നും ഇഡി കോടതിയെ അറിയിച്ചിരുന്നു. എന്നാൽ ജുഡീഷ്യൽ കമ്മിഷനെതിരേ ഇഡിയുടെ ഇത്തരമൊരു ഹർജി നിലനിൽക്കില്ലെന്ന് സർക്കാർ വാദിച്ചിരുന്നു. എന്നാൽ ഇടക്കാല ഉത്തരവിറക്കി കോടതി ഈ വാദം തള്ളുകയായിരുന്നു.