കൊച്ചി: വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച കേസിൽ റാപ്പർ വേടനെതിരായ കുറ്റപത്രം സമർപ്പിച്ചു. കാക്കനാട് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന വനിതാ ഡോക്റ്ററുടെ പരാതിയിൽ രജിസ്റ്റർ കേസിലാണ് പൊലീസ് നടപടി. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 376-ാം വകുപ്പ് പ്രകാരമാണ് കേസ്. വേടനെതിരേ തെളിവുണ്ടെന്ന് കുറ്റപത്രത്തിൽ പൊലീസ് പറയുന്നു. വേടൻറെ മൊഴിയിൽ യുവതിയുമായുള്ള ബന്ധം നിഷേധിച്ചിട്ടില്ല. എന്നാൽ വിവാഹ വാഗ്ദാനം നൽകിയിട്ടില്ലെന്ന് പരാമർശിക്കുന്നുണ്ട്. ഡോക്റ്ററെ പീഡിപ്പിച്ചതിന് തെളിവുകളുണ്ടെന്നും കുറ്റപത്രത്തിൽ പരാമർശിക്കുന്നു. 2021 – 2023 കാലഘട്ടങ്ങളിലായി അഞ്ച് തവണ പീഡനം നടന്നെന്നും കോഴിക്കോടും കൊച്ചിയിലും ഏലൂരിലും വെച്ച് പീഡിപ്പിച്ചെന്നുമാണ് ഡോക്റ്ററായ യുവതി മൊഴി നൽകിയത്. 2023 ജൂലൈ മുതൽ തന്നെ ഒഴിവാക്കിയെന്നും വിളിച്ചാൽ ഫോൺ എടുക്കാതെയായി എന്നും യുവതി വെളിപ്പെടുത്തുന്നു. തുടർന്ന് മാനസികമായി തകരുകയും ഡിപ്രഷനിലേക്ക് എത്തുകയും ചെയ്തു. പലപ്പോഴായി 31,000 രൂപ വേടന് കൈമാറിയിട്ടുണ്ടെന്നും യുവതി പരാതിയിൽ പറയുന്നു.
