ഇടുക്കി: ശബരിമലയിലെ സ്വർണം കട്ടെടുത്തത് സംബന്ധിച്ച് എല്ലാ തെളിവുകളും പുറത്തുവരികയാ ണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു. ചെമ്പ് പാളികൾ മാത്രമെ എത്തിയിട്ടുള്ളെന്നാണ് പണി ഏറ്റെടുത്ത കമ്പനി പറയുന്നത്. സ്വർണം ഇവിടെ വച്ച് തന്നെ അടിച്ചു മാറ്റി ചെമ്പ് പാളികൾ മാത്രം ചെന്നൈയിൽ എത്തിച്ചെന്നാണ് അതിന്റെ അർത്ഥം. സ്വർണപാളികൾ ശബരിമലയിൽ നിന്നും കൊണ്ടു പോയതിനു ശേഷം 40 ദിവസം കഴിഞ്ഞാണ് ചെന്നൈയിൽ എത്തിച്ചതെന്ന് ഹൈക്കോടതി നിരീക്ഷിച്ചിട്ടുണ്ട്. അത്രയും ദിവസം സ്വർണപാളികൾ എവിടെയായിരുന്നു? അതുപോലുള്ള ചെമ്പ് മോൾഡ് ഉണ്ടാക്കുന്ന തിരക്കിലായിരുന്നു ഇത്രയും ദിവസം. ആരാണ് ഉണ്ണികൃഷ്ണൻ പോറ്റി? ആരാണ് ഇദ്ദേഹത്തെ ഏൽപ്പിച്ചത്? ഹൈക്കോടതിയുടെ നിരീക്ഷണത്തിൽ മാത്രമെ ശബരിമലയിൽ നിന്നും സാധനങ്ങൾ പുറത്തേക്ക് കൊണ്ടു പോകാൻ പാടുള്ളൂ. സ്വർണം പൂശണമെങ്കിൽ ക്ഷേത്ര പരിസരിത്ത് വച്ച് തന്നെ അത് ചെയ്യണം. പുറത്തേക്ക് കൊണ്ടു പോകാൻ പാടില്ല. പുറത്തേക്ക് കൊണ്ടു പോകാൻ തീരുമാനിച്ചത് ആരാണ്? ദേവസ്വം ബോർഡിനും സർക്കാരിനും ഇതിൽ കൃത്യമായ പങ്കുണ്ട്. അയ്യപ്പ വിഗ്രഹത്തെ പോലും ഇവരിൽ നിന്നും സംരക്ഷിക്കേണ്ട അവസ്ഥയാണ്. ശബരിമലയിൽ നിന്നും ഇവർ എന്തൊക്കെ അടിച്ചുമാറ്റിയെന്നും പരിശോധിക്കണം.
കോടിക്കണക്കിന് അയ്യപ്പഭക്തരെ ഞെട്ടിച്ച സംഭവമാണിത്. കളവ് നടന്നിട്ടുണ്ടെന്നും സുതാര്യതയില്ലായിരുന്നെന്നും വ്യക്തമാണ്. നടപടിക്രമങ്ങൾ പാലിക്കാതെയാണ് സ്വർണപാളികൾ കൊണ്ടു പോയതെന്നും സ്വർണം നഷ്ടപ്പെട്ടിട്ടുണ്ടെന്നതും കൃത്യമാണ്. ചെമ്പിൽ നിന്നും സ്വർണം എടുത്തുമാറ്റാൻ സാധിക്കുന്ന സാങ്കേതിക പ്രക്രിയയിലൂടെയാണ് പൂശൽ നടത്തിയിരിക്കുന്നത്. ആവശ്യമുള്ളപ്പോൾ സ്വർണം അടിച്ചുമാറ്റാൻ സാധിക്കുന്ന പ്ലാനിങ് അനുസരിച്ചുള്ള സാങ്കേതിക വിദ്യയാണ് ഉപയോഗിച്ചത്. എന്നിട്ടും ഇയാളെ ഇത്രയും കാലം ആരാണ് സംരക്ഷിച്ചത്. ആരും അറിഞ്ഞില്ലെന്ന് പറയുന്നത് തെറ്റാണ്. ദേവസ്വം വിജിലൻസ് കണ്ടെത്തിയിട്ടും റിപ്പോർട്ട് മൂടിവച്ചത് ആരാണ്? ആരെ സഹായിക്കാനാണ് മൂടിവച്ചത്. അടിയന്തരമായി സ്വർണം കവർന്ന ഉത്തരവാദികൾക്കെതിരെ കേസെടുത്ത് അന്വേഷിക്കണം. ഇപ്പോൾ നടക്കുന്നത് നടപടിക്രമങ്ങളെ കുറിച്ചുള്ള അന്വേഷണമാണ്. ശബരിമലയിലെ സ്വർണം അടിച്ചു മാറ്റിയിരിക്കുകയാണ്. വളരെ ഗൗരവത്തോടെയാണ് കേരളം കാണുന്നത്.
ഇടനിലക്കാരൻ നിരവധി പേരെ കബളിപ്പിച്ചിട്ടുണ്ട്. ഈ ഇടനിലക്കാരനെ കൂട്ടുപിടിച്ച് ശബരിമലയിലെ സ്വർണം കവർച്ച ചെയ്യാൻ എല്ലാവരും അറിഞ്ഞുകൊണ്ട് കൂട്ടുനിന്നു. ദേവസ്വം ബോർഡ് പ്രസിഡന്റ് രാജിവച്ച് പോകേണ്ടതാണ്. സ്വയം രക്ഷപ്പെടുന്നതിനു വേണ്ടിയാണ് ദേവസ്വം പ്രസിഡന്റ് 2009 മുതൽ അന്വേഷിക്കണമെന്ന് പറയുന്നത്. 40 വർഷം വാറന്റിയുണ്ടായിരുന്ന സ്വർണപാളി 2019ൽ എടുത്ത് കൊണ്ട് പോയത് എന്തിനാണ്? സ്വയരക്ഷയ്ക്കു വേണ്ടിയാണ് 30 വർഷത്തെ അന്വേഷണം വേണമെന്ന് പറയുന്നത്. ദേവസ്വം ബോർഡ് പ്രസിഡന്റിനും അതിൽ പങ്കുണ്ട്. സ്വർണം പോയെന്ന് അറിഞ്ഞിട്ടും ദേവസ്വം ബോർഡ് പ്രസിഡന്റും സർക്കാരും അതിന് കൂട്ടുനിന്നു. അയ്യപ്പന്റെ കിലോക്കണക്കിന് സ്വർണമാണ് ശബരിമലയിൽ നിന്നും അടിച്ചു മാറ്റിയത്. സത്യസന്ധരായ ജി സുധാകരന്റെയും അന്തഗോപന്റെയും പ്രതികരണങ്ങൾ ശ്രദ്ധിച്ചാൽ എവിടെയാണ് കള്ളന്മാരുള്ളതെന്ന് മനസിലാകും. 2019 മുതൽ 2025 വരെ നടത്തിയ ഇടപാടുകൾ നോക്കിയാൽ അവിടെ തന്നെയാണ് കള്ളന്മാരുള്ളതെന്ന് മനസിലാകും. വീണ്ടും സ്വർണപാളിയും ദ്വാരപാലക ശിൽപവും കൊണ്ടു പോകുകയാണ്. ഇവർ ഇരിക്കുന്ന കാലത്തോളം അയ്യപ്പ വിഗ്രഹത്തിന് പ്രത്യേക സുരക്ഷ നൽകണം. എന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.