കയ്റോ: ഗാസയിലെ സമാധാന പദ്ധതി സംബന്ധിച്ച് ഈജിപ്തിൽ നടന്ന ഒന്നാം ഘട്ട ചർച്ചകൾ അവസാനിച്ചു. ചർച്ച വിജയമായിരുന്നെന്നാണ് വിവരം. ഗാസയിൽ ആരംഭിച്ച യുദ്ധത്തിന് ചൊവ്വാഴ്ച 2 വർഷം തികയുമ്പോഴാണ് ചർച്ചകൾ നടന്നത്. യുഎസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ് മുന്നോട്ടുവച്ച 20 ഇന സമാധാന പദ്ധതയിൽ ഈജിപ്തിൻറെയും ഖത്തറിൻറെയും മധ്യസ്ഥതയിലാണ് ചർച്ച നടക്കുന്നത്. ബന്ദികളുടെ മോചനം, പലസീൻ തടവുകാരുടെ കൈമാറ്റം എന്നിവയാണ് ആദ്യ ഘട്ടത്തിലെ ചർച്ച. ബന്ദികളുടെ മോചനമാണ് ഇസ്രയേലിൻറെ അജണ്ട. ബന്ദികളുടെയും പലസീൻ കാരുടെയും കൈമാറ്റത്തിനൊപ്പം ഇസ്രയേലിൻറെ വെടിനിർത്തലും സേന പിന്മാറ്റവുമാണ് ഹമാസിൻറെ ലക്ഷ്യം. ഇസ്രയേൽ ആക്രമണത്തിൽ ഗാസയിലിതുവരെ 67,160 പലസ്തീനികളാണ് കൊല്ലപ്പെട്ടത്. ഒന്നര ലക്ഷത്തിലധികം പേർക്ക് പരുക്കേറ്റു. 2023 ഒക്റ്റോബർ 7 ന് തെക്കൻ ഇസ്രയേലിൽ ഹമാസ് നടത്തിയ മിന്നലാക്രമണത്തോടെയാണ് പ്രശ്നങ്ങൾക്ക് തുടക്കം.
