തിരുവനന്തപുരം: അധ്യാപകശാപവും അയ്യപ്പശാപവും ഒരു പോലെ ഏറ്റുവാങ്ങിയ ആചാരാനുഷ്ഠാന ലംഘനത്തിന് കുടപിടിച്ച സർക്കാരാണ് കേരളം ഭരിക്കുന്നതെന്ന് കെ.പി.സി.സി രാഷ്ട്രീയ കാര്യ സമതി അംഗം കെ മുരളീധരൻ അഭിപ്രായപ്പെട്ടു.
കേരളാ റിട്ടയേർഡ് ടീച്ചേഴ്സ് കോൺഗ്രസ്(കെ.ആർ.റ്റി.സി)സംഘടിപ്പിച്ച ലോകാധ്യാപകദിനാചരണവും ഗുരുശ്രേഷ്ഠ, കർമ്മശ്രേഷ്ഠ, ആചാര്യശ്രീ പുരസ്കാര വിതരണവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അയ്യപ്പൻ്റെ സ്വർണ്ണം കട്ടവർ നടത്തിയ മഹാസംഗമത്തെ പിന്തുണച്ചവർക്കും അയ്യപ്പൻ്റെ കോപം ഏൽക്കേണ്ടിവരും. പേപ്പട്ടികടിച്ചാൽ ഒരാഴ്ച്ച കഴിഞ്ഞ് മരിക്കും, എന്നാൽ അവർക്ക് മരുന്ന് കുത്തിവെച്ചാൽ അന്നുതന്നെ മരിക്കുമെന്നതാണ് ഇന്നത്തെ ആരോഗ്യകേരളത്തിൻ്റെ അവസ്ഥ. പ്രോട്ടോക്കോളിൽ , ഡെസിഗ്നേഷനിൽ വിരമിക്കൽ ഇല്ലാത്ത ഒരേയൊരു വിഭാഗമാണ് അധ്യാപകരെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന പ്രസിഡണ്ട് എം.സലാഹുദ്ദീൻ അധ്യക്ഷത വഹിച്ചു. കേരള ഗാന്ധിസ്മാരക നിധി ചെയർമാൻ ഡോ. എൻ രാധാകൃഷ്ണൻ അധ്യാപകദിനസന്ദേശം നൽകി. ജി രവീന്ദ്രൻ നായർ ഗുരുശ്രേഷ പുരസ്കാരവും ആർ അരുൺകുമാർ കർമ്മ ശ്രേഷ്ഠ പുരസ്കാരവും റോയി റ്റി ജോസ് ആന്റണി ആചാര്യശ്രീ പുരസ്കാരവും ഏറ്റുവാങ്ങി.
മുൻ എം.എൽ.എ റ്റി ശരത്ചന്ദ്രപ്രസാദ്, ഡോ. നടുവട്ടം ഗോപാലകൃഷ്ണൻ, കമ്പറ നാരായണൻ, ജനറൽ സെക്രട്ടറി അടാട്ട് വാസുദേവൻ, ട്രഷറർ കെ സുധാകരൻ, വസുമതി ജി നായർ, വി.എം ഫിലിപ്പച്ചൻ പി കോയക്കുട്ടി, തോമസ് ജോൺ, സാലസ്, എം തമിൽനാഥൻ എന്നിവർ പ്രസംഗിച്ചു.