പാലക്കാട്: പല്ലൻചാത്തന്നൂരിൽ ഒമ്പതാം ക്ലാസ് വിദ്യാർഥി ആത്മഹത്യ ചെയ്ത സംഭവത്തിൽ വിദ്യാർഥികളുടെ പ്രതിഷേധം. അധ്യാപിക രാജിവയ്ക്കണമെന്നും അർജുന് നീതി കിട്ടണമെന്നും ആവശ്യവുമായാണ് വിദ്യാർഥികൾ പ്രതിഷേധവുമായി ഇറങ്ങിയത്. കഴിഞ്ഞ ദിവസം രാത്രിയാണ് കണ്ണാടി ഹയർസെക്കണ്ടറി സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥി അർജുനെ വീടിനകത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
സ്കൂൾ യൂണിഫോം പോലും മാറ്റാതെയാണ് വിദ്യാർഥി മരിച്ചത്. ഇൻസ്റ്റഗ്രാമിൽ കുട്ടികൾ തമ്മിൽ മെസേജ് അയച്ചതിന് പിന്നാലെ അധ്യാപിക ഭീഷണിപ്പെടുത്തിയെന്നും ജയിലിലിടുമെന്നും കുട്ടിയെ ഭീഷണിപ്പെടുത്തിയെന്നും കുടുംബം ആരോപിച്ചിരുന്നു. അർജുനെ നിരന്തരം മാനസികമായി പീഡിപ്പിക്കാറുണ്ടെന്നാണ് കുടുംബത്തിൻറെ ആരോപണം. എന്നാൽ ആരോപണം സ്കൂൾ അധികൃതർ നിഷേധിക്കുകയാണ് ചെയ്തത്.