VBC NEWS THODUPUZHA

neyyasserykaran@gmail.com

98471 41115

വിദ്യാർത്ഥികളെ ഭീഷണിപ്പെടുത്തിയ സി.പി.എം ഇടുക്കി ജില്ലാ സെക്രട്ടറിക്കെതിരെ കേസെടുക്കണം; പോലീസ് മേധാവിക്ക് പരാതി നൽകി കെ.എസ്‌.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ

ഇടുക്കി: ഗവ. നഴ്സിങ് കോളജിലെ അടിസ്ഥാനസൗകര്യങ്ങൾക്കു വേണ്ടി സമരം ചെയ്ത വിദ്യാർഥികളെയും മാതാപിതാക്കളോടുമുള്ളവരെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി സി.വി വർഗീസിനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവിയർ സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നൽകി.

ജില്ലാ കളക്ടറുടെ ചെമ്പറിൽ ചേരേണ്ട യോഗം സിപിഎം ജില്ലാ സെക്രട്ടറിയുടെ നിർദ്ദേശപ്രകാരം അദ്ദേഹത്തിന്റെ ഓഫീസിൽ ചേരുകയും പ്രസ്തുത യോഗത്തിൽ വിദ്യാർത്ഥികളോട് “വേണേൽ പഠിച്ചാൽ മതി, കൊണ്ടുവന്ന കോളജ് പൂട്ടിക്കാനും പാർട്ടിക്കറിയാം.’’ എന്നും വിദ്യാർഥികൾക്കു വേണ്ടി ശബ്ദമുയർത്തിയ പിടിഎ അംഗത്തോട് ‘‘എന്നെപ്പറ്റി ശരിക്കും അറിയാമോ?’’ എന്ന് ഭീഷണിപ്പെടുത്തുകയുമാണ് ഉണ്ടായത്. എന്ന് പരാതിയിൽ പറയുന്നു.

കോളജ് പ്രിൻസിപ്പൽ, 2 അധ്യാപകർ, പിടിഎ പ്രസിഡന്റ്, 2 പിടിഎ എക്സിക്യൂട്ടീവ് അംഗങ്ങൾ, 5 വിദ്യാർഥി പ്രതിനിധികൾ എന്നിവരാണ് ഇടുക്കി ചെറുതോണിയിലെ സിപിഎം ജില്ലാ സെക്രട്ടറിയുടെ ഓഫീസിൽ നടന്ന യോഗത്തിൽ പങ്കെടുത്തത്.

വിഷയത്തിന്റെ ഗൗരവം മനസ്സിലാക്കി വിദ്യാർത്ഥികൾ നിന്നും രക്ഷകർത്താക്കളിൽ നിന്നും മൊഴിയെടുത്ത് സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി സി വി വർഗീസിനെതിരെ കേസെടുക്കണമെന്നും,വിദ്യാർത്ഥികളുടെയും രക്ഷകർത്താക്കളുടെയും സുരക്ഷ ഉറപ്പാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു.

ചുവന്ന കൊടി കുത്തി സ്ഥാപനങ്ങൾ പൂട്ടിച്ചു ശീലമുള്ള സി വി വർഗീസിന്റെ പിതൃസ്വത്തല്ല ഇടുക്കി ഗവൺമെന്റ് നഴ്സിംഗ് കോളേജ് എന്ന കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് വിമർശിച്ചു.

വേണേൽ പഠിച്ചാൽ മതി, കൊണ്ടുവന്ന കോളജ് പൂട്ടിക്കാനും പാർട്ടിക്കറിയാം.’’ എന്ന പരാമർശം ജനാധിപത്യ വിരുദ്ധമാണ്. ” സിപിഎം പാർട്ടിയാണ് പരമാധികാരി” എന്ന തെറ്റിദ്ധാരണ ജില്ലാ സെക്രട്ടറി സി വി വർഗീസിന് വേണ്ട. ജനങ്ങളാണ് ജനാധിപത്യ സംവിധാനത്തിൽ യഥാർത്ഥ അധികാരികൾ.ഇത് കാരണഭൂതൻ്റെ അനുയായികൾ മറന്നു പോകരുത്. വിഷയത്തിൽ സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി മാപ്പ് പറയണം.

വിദ്യാർത്ഥികൾക്കു വേണ്ടി ശബ്ദമുയർത്തിയ പിടിഎ അംഗത്തോട് ‘‘എന്നെപ്പറ്റി ശരിക്കും അറിയാമോ?’’ എന്ന സി.വി വർഗ്ഗീസിൻ്റെ മറുപടി ഭയപ്പെടുത്തി കീഴ്പെടുത്താം എന്ന ശൈലിയുടെ ഭാഗമാണ്. വിഷയത്തിൽ ജനകീയ പ്രതിഷേധ സമരങ്ങൾ സംഘടിപ്പിക്കുമെന്നും കെ.എസ്.യു സംസ്ഥാന പ്രസിഡൻ്റ് അലോഷ്യസ് സേവ്യർ വ്യക്തമാക്കി.

Leave a Comment

Your email address will not be published. Required fields are marked *