ശബരിമല: പമ്പയിൽ കുളിച്ച് ഇരുമുടിക്കെട്ടേന്തി രാഷ്‌ട്രപതി ദ്രൗപതി മുർമു ശബരിമല അയ്യപ്പ ക്ഷേത്രത്തിൽ തൊഴുതു. കറുപ്പ് വസ്ത്രം ധരിച്ച് കെട്ടേന്തിയ രാഷ്‌ട്രപതിക്കൊപ്പം മൂന്ന് സുരക്ഷാ ഉദ്യോഗസ്ഥരും കെട്ട് നിറച്ചിരുന്നു. പ്രത്യേക വാഹനത്തിൽ ശബരിമലയിലെത്തിയ ശേഷം പതിനെട്ടാം പടി കയറി സന്നിധാനത്തെത്തി. പമ്പ ഗണപതി ക്ഷേത്രത്തിൽ ക്ഷേത്ര മേൽശാന്തിമാരായ വിഷ്ണു നമ്പൂതിരി, ശങ്കരൻ നമ്പൂതിരി എന്നിവരാണ് കെട്ടു നിറച്ചു നൽകിയത്. കൊടിമരച്ചുവട്ടിൽ തന്ത്രി കണ്ഠര് മഹേഷ് മോഹനര് രാഷ്‌ട്രപതിയെ പൂർണകുംഭം നൽകി സ്വീകരിച്ചു.
