ഇടുക്കി: ചെറുതോണിയിൽ സ്കൂൾ ബസ് ഇടിച്ച് നാല് വയസ്സുള്ള പെൺകുഞ്ഞ് മരിച്ച സംഭവത്തിൽ ബാലവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു. വാഴത്തോപ്പ് ഗിരിജ‍്യോതി സ്കൂളിനോടും പൊലീസിനോടും അടിയന്തരമായി റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മിഷൻ ആവശ‍്യപ്പെട്ടിട്ടുണ്ട്. ഗുരുതര വീഴ്ചയാണ് സ്കൂളിൻ്റെ ഭാഗത്ത് നിന്നുണ്ടായതെന്ന് കമ്മിഷൻ പറഞ്ഞു.
സേഫ്റ്റി പ്രോട്ടോകോൾ സ്കൂൾ പാലിച്ചിരുന്നില്ലെന്നും യാദൃശ്ചികമായി സംഭവിച്ച അപകടമായി ഇതു കാണാൻ സാധിക്കില്ലെന്നും ബാലവകാശ കമ്മിഷൻ അംഗം കെ.കെ. ഷാജു പറഞ്ഞു. ഗിരി ജ്യോതി പ്ലേ സ്കൂൾ വിദ്യാർഥിയായ ഹെയ്സൽ ബെൻ എന്ന നാലു വയസ്സുള്ള പെൺകുട്ടിയാണ് മരിച്ചത്. ബുധനാഴ്ച രാവിലെ ഒമ്പത് മണിക്കായിരുന്നു അപകടമുണ്ടായത്. സ്കൂൾ ബസിൽ നിന്ന് ഇറങ്ങിയ കുട്ടി ബസിൻ്റെ പിന്നിലൂടെ ക്ലാസിലേക്ക് നടന്നുപോകുകയായിരുന്നു.
കുട്ടി പോയതിൻ്റെ തൊട്ടുപിന്നിലായി മറ്റൊരു ബസ് നിർത്തിയിരുന്നു. കുട്ടി കടന്നുപോകുന്നത് ഇവർ കണ്ടില്ല. ബസ് മുന്നോട്ട് എടുത്തതിനെ തുടർന്ന് കുഞ്ഞിനെ ഇടിക്കുകയും, ചക്രങ്ങൾ കുഞ്ഞിൻ്റെ ശരീരത്തിലൂടെ കയറിയിറങ്ങി പോകുകയുമായിരുന്നു. തൊട്ടടുത്ത് കൂടി നടന്നുപോയ കുഞ്ഞിൻ്റെ കാലിനും പരുക്കേറ്റു. അപ്പോൾ തന്നെ കുട്ടിയെ ഇടുക്കി മെഡിക്കൽ കോളേജിലെക്ക് എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. കാലിന് പരുക്കേറ്റ കുട്ടി ചികിത്സയിലാണ്. സംഭവത്തിൽ പൊലീസ് കേസെടുത്തു.
