വയനാട്: പതിനാലുകാരിക്ക് ആസിഡ് ആക്രമണത്തിൽ ഗുരുതര പരുക്ക്. കുട്ടിക്കു നേരെ ആസിഡ് ഒഴിച്ച അയൽവാസി രാജു ജോസിനെ(53) പൊലീസ് അറസ്റ്റ് ചെയ്തു. പുൽപ്പള്ളി പ്രിയദർശിനി ഉന്നതിയിലാണ് സംഭവം. അയൽവാസികൾ തമ്മിൽ നിരന്തരം പ്രശ്നങ്ങളുണ്ടാകാറുണ്ടെന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം സ്റ്റുഡൻറ് പൊലീസ് കേഡറ്റായ പെൺകുട്ടിയോട് ജോസ് യൂണിഫോം ആവശ്യപ്പെട്ടിരുന്നു. പെൺകുട്ടി യൂണിഫോം നൽകാൻ തയാറാകാത്തതോടെയാണ് മുഖത്തേക്ക് ആസിഡ് ഒഴിച്ചത്. മുഖം ഉൾപ്പെടെയുള്ള ഭാഗത്ത് ആസിഡ് വീണ് പൊള്ളിയ പെൺകുട്ടിയെ മാനന്തവാടി ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം കോഴിക്കോട് ആശുപത്രിയിലേക്ക് മാറ്റി. പ്രതി മാനസിക പ്രശ്നമുള്ള ആളാണെന്ന് സംശയിക്കുന്നതായും പൊലീസ് പറയുന്നു.
