കൊച്ചി: കേരള സ്റ്റേറ്റ് മിൽക്ക് സൊസൈറ്റിസ് അസോസിയേഷൻ(കെ.എസ്.എം.എസ്.എ) സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ പാൽവില വർധിപ്പിക്കാത്തതിൽ പ്രതിഷേധിച്ച് ശനിയാഴ്‌ച്ച(മാർച്ച് ഏഴിന്) സംസ്ഥാനത്തെ മുഴുവൻ ക്ഷീര സഹകരണ സംഘങ്ങളിലും കരിദിനം ആചരിക്കും. കൂടാതെ മാർച്ച് വ്യാഴാഴ്ച്ച(12ന്) രാവിലെ 11 മണിക്ക് മിൽമ ഫെഡറേഷൻ ഓഫീസിന് മുന്നിലേക്ക് മാർച്ചും ധർണയും നടത്തും. ക്ഷീരകർഷകരുടെ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിന് ശേഷം പാൽ വില വർദ്ധിപ്പിക്കുമെന്ന് മന്ത്രി പറഞ്ഞുവെങ്കിലും മിൽമ ഫെഡറേഷൻ പാൽ വില വർദ്ധിപ്പിക്കാത്തതിൽ പ്രതിഷേധിച്ചാണ് സമരം. ക്ഷീര കർഷകരും ക്ഷീര സംഘം ജീവനക്കാരും ഉൾപ്പെടെ 5000ത്തോളം ആളുകൾ പങ്കെടുക്കും.
ക്ഷീര വികസന യൂണിറ്റുകളിലെ ജീവനക്കാരുടെ അപര്യാപ്‌തത പരിഹരിക്കുക, ക്ഷീര സഹകരണ സംഘങ്ങൾക്ക് കേരള ബാങ്കിൽ അഫിലിയേഷൻ പുനസ്ഥാപിക്കുക, നിലവിൽ ഉണ്ടായിരുന്ന ത്രിതല പഞ്ചായത്ത് മിൽക്ക് ഇൻസെന്റീവ് 40000 രൂപ എന്ന പരിധി ഒഴിവാക്കുക, കാലിത്തീറ്റ വില കുറയ്ക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം നടത്തുന്നത്.
കെ.എസ്.എം.എസ്.എ സംസ്ഥാന പ്രസിഡൻ്റ് പി.ആർ സലികുമാൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വൈസ് പ്രസിഡൻ്റ് സണ്ണി തെങ്ങുംപള്ളിയിൽ, ജനറൽ സെക്രട്ടറി എം.ആർ അനിൽകുമാർ, ജില്ലാ പ്രസിഡൻ്റ് സോണി ചൊള്ളമഠം, ജോസുകുട്ടി അരീപറമ്പിൽ, തോമസ്, എം.ഡി ജോണി വണ്ണപ്പുറം, ഷിബു ലാൽ തിരുവനന്തപുരം, കെ.പി ബേബി സാജു അമയപ്ര തുടങ്ങിയവർ പങ്കെടുത്തു.
