പത്തനംതിട്ട: യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പിന് വ്യാജ തിരിച്ചറിയൽ കാർഡ് ഉപയോഗിച്ചെന്ന കേസിൽ ക്രൈംബ്രാഞ്ചിൻറെ വ്യാപക പരിശോധന. രാഹുൽ മാങ്കൂട്ടത്തിലുമായി ബന്ധപ്പെട്ട പ്രവർത്തകരുടെ വീടുകളിലാണ് പരിശോധന നടത്തിയത്. രാഹുലിൻറെ അനുയായികളുടെ ഫോൺ പിടിച്ചെടുത്തു. തിരുവനന്തപുരത്തു നിന്നെത്തിയ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ അടൂരും ഏലംകുളത്തുമുള്ള യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ വീടുകളിലാണ് പരിശോധന നടത്തിയത്.
സംഘടാന പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് രേഖകളും പിടിച്ചെടുത്തതായാണ് വിവരം. ലോക്കൽ പൊലീസിൻറെ സഹായത്തോടെയായിരുന്നു പരിശോധന. യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പിൽ ഇലക്ഷൻ കമ്മിഷൻറെ പേരിൽ വ്യാജ തിരിച്ചറിയൽ കാർഡ് നിർമിച്ചുവെന്നാണ് കേസ്. കേസിൽ നാല് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ നേരത്തെ പൊലീസ് അറസ്റ്റു ചെയ്തിരുന്നു.
ഇവരിൽ ഒരാളുടെ ഫോണിൽ നിന്നും ലഭിച്ച ശബ്ദരേഖയിൽ രാഹുലാണ് ഇതിനു പിന്നിലെന്ന് പരാമർശിക്കുന്നുണ്ട്. രാഹുലിൻറെ ഐഫോൺ ഇതുവരെ പരിശോധിക്കാൻ പൊലീസിനായിട്ടില്ല. പല തവണ ആവശ്യപ്പെട്ടിട്ടും രാഹുൽ പാസ്‌വേർഡ് നൽകിയില്ലെന്നാണ് പൊലീസ് അറിയിച്ചത്. പൊലീസ് അന്വേഷിച്ച് തുടങ്ങിയ കേസ് പിന്നീട് ക്രൈംബ്രാഞ്ചിന് നൽകുകയായിരുന്നു.