തിരുവനന്തപുരം: മുൻ കേന്ദ്രമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായിരുന്ന കെപി ഉണ്ണികൃഷ്ണന്റെ നിര്യാണത്തിൽ കോൺഗ്രസ് വർക്കിംഗ് കമ്മിറ്റിയംഗം രമേശ് ചെന്നിത്തല അനുശോചിച്ചു. എക്കാലവും കോൺഗ്രസിന്റെ ആശയങ്ങളാൽ പ്രചോദിതമായിരുന്നു കെപി ഉണ്ണികൃഷ്ണന്റെ രാഷ്ട്രീയ ജീവിതമെന്ന് രമേശ് ചെന്നിത്തല അനുസ്മരിച്ചു. വളരെ അടുത്ത വ്യക്തിബന്ധമാണ് അദ്ദേഹവുമായുണ്ടായിരുന്നത്. താനുൾപ്പെടെയുള്ള ചെറുപ്പക്കാരായ പാർലമെന്റ്അംഗങ്ങൾക്ക് വലിയ പ്രോൽസാഹനങ്ങൾ അദ്ദേഹം നൽകിയിട്ടുണ്ട്.അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുമായും അടുത്ത വ്യക്തി ബന്ധം പുലർത്താൻ കഴിഞ്ഞിരുന്ന കാര്യവും രമേശ് ചെന്നിത്തല സൂചിപ്പിച്ചു. കോൺഗ്രസിന്റെ രാഷ്ട്രീയത്തിനും ചിന്താധാരക്കും ഇന്ത്യ ഉള്ളിടത്തോളം കാലം പ്രസക്തിയുണ്ടെന്ന് ഉറച്ച് വിശ്വസിച്ചിരുന്നയാളായിരുന്നു അദ്ദേഹം. ദേശീയതലത്തിലും സംസ്ഥാനത്തും മതേതര ജനാധിപത്യചേരിക്ക് വലിയൊരു നഷ്ടമാണ് കെപി ഉണ്ണികൃഷ്ണന്റെ വിയോഗം. കോൺഗ്രസ് പാർട്ടിക്കും കേരളത്തിനും അദ്ദേഹം നൽകിയ സംഭാവനകൾ എക്കാലവും ഓർമിക്കപ്പെടുമെന്നും രമേശ് ചെന്നിത്തല അനുശോചന സന്ദേശത്തിൽ പറഞ്ഞു.
