മുംബൈ: മഹാരാഷ്ട്രയിൽ കടകളും സ്ഥാപനങ്ങളും 24 മണിക്കൂറും തുറന്നിരിക്കാൻ സർക്കാർ അനുമതി നൽകി. ഇതുസംബന്ധിച്ച സർക്കുലർ ബുധനാഴ്ച സംസ്ഥാന തൊഴിൽവകുപ്പ് പുറത്തിറക്കി. മദ്യവിൽപ്പനശാലകൾ, ബാറുകൾ, ഹുക്കപാർലറുകൾ തുടങ്ങിയവ ഒഴികെ, കടകൾ, റസ്റ്ററൻറുകൾ, മാളുകൾ, തിയേറ്ററുകൾ എന്നിവയ്ക്ക് ഈ ഉത്തരവ് ബാധകമായിരിക്കും. കടകൾക്കും സ്ഥാപനങ്ങൾക്കും 24 മണിക്കൂർ പ്രവർത്തിക്കാൻ അനുമതി നൽകുന്നവ്യവസ്ഥ നിലവിലുണ്ടെങ്കിലും അത് നഗരസഭകൾ നടപ്പിലാക്കിയിട്ടില്ലാത്ത സാഹചര്യത്തിൽ വ്യക്തതവരുത്തിയാണ് സർക്കാർ പുതിയ സർക്കുലർ പുറപ്പെടുവിച്ചിട്ടുള്ളതെന്ന് സംസ്ഥാന തൊഴിൽവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഐ.എസ് കുന്ദൻ പറഞ്ഞു. പൊലീസോ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളോ 24 മണിക്കൂർ പ്രവർത്തിക്കാൻ അനുവദിക്കുന്നില്ലെന്ന് പരാതിപ്പെട്ട് കടയുടമകളിൽനിന്നും പരാതികൾ തൊഴിൽവകുപ്പിന് ലഭിച്ചിരുന്നു.
