വാഗമൺ: ഇടുക്കി ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ വാഗമൺ ലഹരിമരുന്ന് സംഘങ്ങളുടെ താവളമായി മാറുകയാണ്. ഈരാറ്റുപേട്ട, കാഞ്ഞാർ, പീരുമേട്, ഉപ്പുതറ എന്നീ നാല് പ്രധാന വഴികളിലൂടെയാണ് വാഗമണ്ണിലേക്ക് സഞ്ചാരികൾ എത്തുന്നത്. എന്നാൽ ഈ വഴികളിലൊന്നും കാര്യമായ വാഹന പരിശോധനകൾ ഇല്ലാത്തത് ലഹരി സംഘങ്ങൾക്ക് തുണയാകുന്നു. ബാംഗ്ലൂർ പോലുള്ള വൻനഗരങ്ങളിൽ നിന്നാണ് മാരകമായ സിന്തറ്റിക് ഡ്രഗ്‌സുകൾ പ്രധാനമായും ഇവിടേക്ക് ഒഴുകുന്നത്.
നിലവിൽ വാഗമൺ പോലീസ് സ്റ്റേഷന്റെ പ്രവർത്തനം കടുത്ത പ്രതിസന്ധിയിലാണ്. സി.ഐ ഉൾപ്പെടെ ആകെ 35 പോലീസുകാർ മാത്രമാണ് ഇവിടെയുള്ളത്. ഒരു എസ്.ഐ പോസ്റ്റ് പോലും സ്ഥിരമായി നിയമിച്ചിട്ടില്ല. മിക്കപ്പോഴും മറ്റ് സ്റ്റേഷനുകളിൽ നിന്ന് അറ്റാച്ച് ചെയ്താണ് എസ്.ഐ ഡ്യൂട്ടി നിർവ്വഹിക്കുന്നത്. നിലവിലുള്ള ഉദ്യോഗസ്ഥരാകട്ടെ കോർട്ട് ഡ്യൂട്ടിക്കും മൊട്ടക്കുന്ന്, പൈൻ ഫോറസ്റ്റ് തുടങ്ങിയ ടൂറിസം പോയിന്റുകളിലെ തിരക്ക് നിയന്ത്രിക്കാനുമാണ് നിയോഗിക്കപ്പെട്ടിട്ടുള്ളത്. ഇത് കൃത്യമായ നൈറ്റ് പട്രോളിങ്ങിനെയും ലഹരി വിരുദ്ധ പ്രവർത്തനങ്ങളെയും ദോഷകരമായി ബാധിക്കുന്നു.
പതിനായിരക്കണക്കിന് സഞ്ചാരികൾ എത്തുന്ന ഇവിടെ ടൂറിസം പോലീസിന്റെ സേവനവും ലഭ്യമല്ല. പീരുമേട് എക്സൈസ് ഓഫീസിന്റെ പരിധിയിലാണ് വാഗമൺ വരുന്നത് എന്നതിനാൽ, ദൂരക്കൂടുതൽ കാരണം എക്സൈസ് സംഘത്തിന്റെ പരിശോധനയും പേരിനു മാത്രമാണ്. വാഗമൺ കേന്ദ്രീകരിച്ച് ഒരു എക്സൈസ് ഓഫീസ് അനുവദിക്കണമെന്ന ആവശ്യം ശക്തമാണ്.
തമിഴ്നാട്ടിൽ നിന്ന് കുമളി വഴി എത്തുന്ന സംഘങ്ങൾ പരിശോധന ഒഴിവാക്കാൻ ആനവിലാസം-ചപ്പാത്ത്, അമ്പലപ്പാറ, പശുപ്പാറ തുടങ്ങിയ ഊടുവഴികളാണ് ഉപയോഗിക്കുന്നത്. ഇത്തരം ഉൾറോഡുകളിൽ പോലീസ് സാന്നിധ്യം തീരെയില്ല. രാത്രികാലങ്ങളിൽ ബൈക്കുകൾ കേന്ദ്രീകരിച്ച് വൻതോതിൽ ലഹരി കച്ചവടം നടക്കുന്നുണ്ടെന്നും നാട്ടുകാർ ആരോപിക്കുന്നു.
വിനോദസഞ്ചാരത്തിന്റെ മറവിൽ വാഗമണ്ണിലേക്ക് എത്തുന്ന ലഹരി മാഫിയയെ തടയാൻ പോലീസ് – എക്സൈസ് സംവിധാനങ്ങൾ ഉണർന്നു പ്രവർത്തിക്കണമെന്നാണ് ആവശ്യം. വരാനിരിക്കുന്ന അവധിക്കാലം ലഹരിമുക്തമാക്കാൻ ശക്തമായ വാഹന പരിശോധനയും സ്ക്വാഡുകളുടെ വിന്യാസവും സർക്കാർ ഉറപ്പാക്കേണ്ടതുണ്ട്.
