ചെറുതോണി: ഇടുക്കി മെഡിക്കല്‍ കോളേജിനോടുള്ള സംസ്ഥാന ഗവണ്‍മെന്റിന്റെ അവഗണന ഒരു തരത്തിലും ന്യായീകരിക്കാനാവുന്നതല്ലെന്ന് കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റും യു ഡി എഫ് ജില്ലാ കണ്‍വീനറുമായ പ്രൊഫ. എം .ജെ . ജേക്കബ് പറഞ്ഞു. ഇടുക്കി ജില്ലയിലെ മലയോര ജനതയ്ക്ക് വലിയ പ്രതീക്ഷ നല്‍കിക്കൊണ്ടാണ് ഉമ്മന്‍ചാണ്ടി ഗവണ്‍മെന്റ് 12 വര്‍ഷം മുന്‍പ് ഇടുക്കി മെഡിക്കല്‍ കോളേജ് തുടങ്ങിയത്. എല്‍ ഡി എഫ് ഗവണ്‍മെന്റ് അധികാരത്തില്‍ വന്നപ്പോള്‍ മുതല്‍ തുടങ്ങിയ മെഡിക്കല്‍ കേളേജിനോടുള്ള അവഗണന ഇന്നും തുടര്‍ന്നുകൊണ്ടിരിക്കുകയാണ്.
മെഡിക്കല്‍ കോളേജില്‍ പല വകുപ്പുകളിലും യോഗ്യതയുള്ള ഡോക്ടര്‍മാരില്ല. ആവശ്യത്തിനുള്ള ഡോക്ടര്‍മാരും നഴ്‌സുമാരും മറ്റ് ജീവനക്കാരുമില്ല. ചികിത്സ തേടി എത്തുന്നവര്‍ക്ക് അത്യാവശ്യ മരുന്നുകള്‍ പോലുമില്ല. മെഡിക്കല്‍ കോളേജിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് നിരവധി സമരം നടത്തുകയുണ്ടായി. മെഡിക്കല്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ അടിസ്ഥാന സൗകര്യം ആവശ്യപ്പെട്ടുകൊണ്ട് ഒട്ടേറെ സമരം നടത്തി. എല്ലാ സമരങ്ങള്‍ക്കും അധികാരികളുടെ ഭാഗത്തു നിന്നും ഉറപ്പുകള്‍ മാത്രമാണ് ലഭ്യമായത്. ഒരു വര്‍ഷമായി ഹോസ്പിറ്റല്‍ മാനേജ്‌മെന്റ് കമ്മിറ്റി വിളിച്ച് കൂട്ടിയിട്ടില്ല. എച്ച് .എം.സി – ക്ക് പകരം ജില്ലയില്‍ നിന്നുള്ള മന്ത്രിയും എല്‍. ഡി. എഫ് നേതാക്കളും അടങ്ങുന്ന എക്‌സിക്യൂട്ടീവ് കമ്മിറ്റിയാണ് രൂപീകരിച്ചിരുന്നത്. എച്ച് .എം .സി ചേരാത്ത കേരളത്തിലെ ഏക മെഡിക്കല്‍ കോളേജ് ഇടുക്കി മെഡിക്കല്‍ കോളേജ് ആണ്. നിലവില്‍ ഇടുക്കി മെഡിക്കല്‍ കോളേജ് റഫറല്‍ മെഡിക്കല്‍ കോളേജ് ആയി തരം താന്നിരിക്കുകയാണ്.
ഇവിടെ എത്തുന്ന രോഗികളെ മറ്റ് സർക്കാർ ആശൂപത്രികളിലേക്കോ മെഡിക്കല്‍ കോളേജുകളിലേയ്‌ക്കോ റഫര്‍ ചെയ്യുന്ന ജോലി മാത്രമാണ് നടന്ന് വരുന്നത്. ഗവണ്‍മെന്റ് അടിയന്തിരമായി ഉണര്‍ന്ന് പ്രവര്‍ത്തിച്ചില്ലെങ്കില്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാവുമെന്ന് ജില്ലാ പ്രസിഡന്റ് മുന്നറിയിപ്പ് നല്‍കി. കേരളാ കോൺഗ്രസ് സംസ്ഥാന ഉന്നതാധികാര സമിതിയംഗംവര്‍ഗീസ് വെട്ടിയാങ്കല്‍, സംസ്ഥാന സെക്രട്ടറി ബെന്നി പുതുപ്പാടി, യൂത്ത് ഫ്രണ്ട് ജില്ലാ പ്രസിഡണ്ട്അഡ്വ. എബി തോമസ്, കേരളാ കോൺഗ്രസ് ജില്ലാ സെക്രട്ടറി കെ. കെ വിജയന്‍, വാഴത്തോപ്പ് മണ്ഡലം പ്രസിഡണ്ട് ഷിജോ ഞവരക്കാട്ട് എന്നിവര്‍ പങ്കെടുത്തു.
