വാഷിങ്ടൺ: ഗ്രീൻലാൻഡ് വിഷയത്തിൽ എതിർപ്പ് പ്രകടിപ്പിച്ച എട്ട് യൂറോപ‍്യൻ രാജ‍്യങ്ങൾക്കെതിരേ തീരുവ ചുമത്തുന്നതിൽ നിന്നും അമെരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപ് പിന്മാറി. സ്വിറ്റ്സർലണ്ടിലെ ദാവോസിൽ നടക്കുന്ന ലോക സാമ്പത്തിക ഫോറത്തിനിടെ നാറ്റോയുടെ സെക്രട്ടറി ജനറൽ മാർക്ക് റൂട്ടെയുമായി ട്രംപ് കൂടിക്കാഴ്ച നടത്തിയിരുന്നു.
ഇതിനു പിന്നാലെയാണ് ട്രംപിൻറെ പിന്മാറ്റം. മാർക്കുമായുള്ള കൂടിക്കാഴ്ച ഫലപ്രദമായെന്ന് ട്രംപ് സമൂഹ മാധ‍്യമമായ ട്രൂത്ത് സോഷ‍്യലിൽ കുറിച്ചു. ഡെന്മാർക്കിൻറെ അർധ സ്വയംഭരണ പ്രദേശമായ ഗ്രീൻലാൻഡിന്മേലുള്ള അമേരിക്കൻ നിയന്ത്രണത്തോടുള്ള എതിർപ്പ് മൂലം എട്ട് യൂറോപ‍്യൻ രാജ‍്യങ്ങളിൽ നിന്നുള്ള സാധനങ്ങൾക്ക് ഫെബ്രുവരി ഒന്ന് മുതൽ പത്ത് ശതമാനം തീരുവ ചുമത്തുമെന്നായിരുന്നു ട്രംപ് നേരത്തെ പറഞ്ഞിരുന്നത്. ഗ്രീൻലാൻഡ് അമെരിക്കയുടെ ഭാഗമാകുന്ന കരാർ തീരുമാനമാകാത്ത പക്ഷം ജൂൺ ഒന്നു മുതൽ നികുതി 25 ശതമാനമായി ഉയർത്തുമെന്നും ട്രംപ് പറഞ്ഞിരുന്നു.
