ഇടുക്കി: ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷം ഇടുക്കി നിയമസഭാ മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥി മത്സര രംഗത്തെത്തി. കെ.പി.സി.സി വൈസ് പ്രസിഡൻ്റും മുൻ ഡി.സി.സി പ്രസിഡൻ്റുമായ റോയി കെ പൗലോസിനെയാണ് യു.ഡി.എഫ് രംഗത്ത് ഇറക്കിയിരിക്കുന്നത്. മുന്നണി ധാരണയുടെ അടിസ്ഥാനത്തിൽ രണ്ട് പതിറ്റാണ്ടിലേറെയായി ഇടുക്കിയിൽ കേരള കോൺഗ്രസ് സ്ഥാനാർത്ഥികളായിരുന്നു മത്സരിച്ചിരുന്നത്. കൈപ്പത്തി ചിഹ്നത്തിൽ ഇടുക്കിയിൽ മത്സരിച്ചാൽ മണ്ഡലം തിരിച്ചു പടിക്കാനാകുമെന്ന പ്രവർത്തകരുടെ വികാരമാണ് കോൺഗ്രസ് നേതൃത്വം മാനിച്ചത്. സീറ്റ് വിട്ടുകൊടുക്കുവാൻ കേരള കോൺഗ്രസ് സമ്മതം അറിയിച്ചതോടെയാണ് കോൺഗ്രസ് സ്ഥാനാർത്ഥി ഇടുക്കിയിൽ എത്തുന്നത്. കെ.എസ്.യു തൊട്ട് പ്രവർത്തന പരിചയമുള്ള റോയ് കെ പൗലോസിന് വിജയ പ്രതീക്ഷയാണുള്ളത്. സംസ്ഥാനത്ത് ഭരണ മാറ്റം ജനങ്ങൾ ആഗ്രഹിക്കുന്നുവെന്ന് റോയ് കെ പൗലോസ് പറഞ്ഞു. ഇന്ന് മുതൽ തിരഞ്ഞെടുപ്പ് പ്രവർത്തനം ആരംഭിക്കുകയും ചെയ്തു.
1957 മെയ് 28ന് ഇടുക്കി ജില്ലയിലെ ഉടുംമ്പന്നൂർ പഞ്ചായത്തിൽ സ്വാതന്ത്ര്യ സമരസേനാനിയായിരിന്ന കൊന്നാനാൽ കെ.വി പൗലോസിൻ്റെയും സാറാമ്മ പൗലോസിൻ്റെയും മകനായി ജനനം. ഭാര്യ ബീന റോയി. മക്കൾ പോൾ വർഗ്ഗീസ് റോയി, ഡോ. അമ്മു റോയി. 1972ൽ തട്ടക്കുഴ ഗവ. ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയായിരിക്കെ കെഎസ്‌യുവിലൂടെ സംഘടന പ്രവർത്തനം ആരംഭിച്ചു. 1977ൽ തൊടുപുഴ ന്യൂമാൻ കോളേജിൽ ബി.എസ്.സി മാത്തമാറ്റിക്സ് വിദ്യാർത്ഥിയായിരിക്കെ കെഎസ്‌യു താലൂക്ക് കമ്മറ്റിയുടെ പ്രസിഡന്റായി പ്രവർത്തിച്ചു. 1978 – 1979 കാലഘട്ടത്തിൽ കേരള യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലറായി തിരഞ്ഞെടുക്കപ്പെട്ടു. 1979ൽ കെഎസ്‌യുവിൻ്റെ ഇടുക്കി ജില്ലാ പ്രസിഡന്റായിരുന്നു. കോളേജ് വിദ്യാഭ്യാസത്തിന് ശേഷം യൂത്ത് കോൺഗ്രസ് സംഘടനാ പ്രവർത്തനത്തിൽ സജീവമായി. 1982 ൽ യൂത്ത് കോൺഗ്രസ് ഇടുക്കി ജില്ലാ ജനറൽ സെക്രട്ടറിയായി പ്രവർത്തനം നടത്തി. 1988ൽ ഉടുമ്പന്നൂർ പഞ്ചായത്ത് ഗ്രാമ പഞ്ചായത്തംഗമായി തിരഞ്ഞെടുക്കപ്പെട്ടു. 1995 മുതൽ 2005 വരെ ഉടുമ്പന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റായിരുന്നു. ഇക്കാലയളവിലാണ് ഇടുക്കി ജില്ലയിലെ മികച്ച പഞ്ചായത്തായി ഉടുമ്പന്നൂർ ഗ്രാമപഞ്ചായത്ത് തിരഞ്ഞെടുക്കപ്പെട്ടത്. 2000 മുതൽ 2005 വരെ പഞ്ചായത്ത് പ്രസിഡൻ്റ്സ് അസോസിയേഷൻ്റെ ഇടുക്കി ജില്ലാ പ്രസിഡൻ്റായും ജില്ലാ പ്ലാനിങ് കമ്മിറ്റി മെമ്പറായും പ്രവർത്തിച്ചു. 1988 മുതൽ യൂത്ത് കോൺഗ്രസ് ഇടുക്കി ജില്ലാ പ്രസിഡന്റ്. 1992 മുതൽ ഇടുക്കി ഡിസിസി ജനറൽ സെക്രട്ടറി. 2001ൽ ഇടുക്കി ഡിസിസി വൈസ് പ്രസിഡന്റ്. 2005 – 2010 വരെ ഇടുക്കി ജില്ലാ പഞ്ചായത്ത് മെമ്പർ. 2009 – 2016 വരെ ഇടുക്കി ഡിസിസി പ്രസിഡന്റ്. 2009 മുതൽ സ്പൈസസ് ബോർഡ് വൈസ് ചെയർമാൻ. 2018ൽ കെപിസിസി ജനറൽ സെക്രട്ടറി. 2022 മുതൽ കാർഷിക വികസന ബാങ്ക് പ്രസിഡന്റ്. നിലവിൽ കെപിസിസി വൈസ് പ്രസിഡന്റായി പ്രവർത്തിച്ചു വരുന്നു.
