തിരുവനന്തപുരം: പുതിയ അധ്യായന വർഷം പൊതുവിദ്യാലയങ്ങളിൽ ചേരാനെത്തുന്ന കുട്ടികൾക്ക് രേഖകളില്ലെങ്കിലും പ്രവേശനം തടയില്ലെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ്. ജനന സർട്ടിഫിക്കറ്റ്, ആധാർ എന്നിവയില്ലെങ്കിലും ഇതര സംസ്ഥാന തൊഴിലാളികളുടേയും പ്രവാസികളുടേയും കുട്ടികൾക്ക് പ്രവേശനം നൽകണമെന്നു വിദ്യാഭ്യാസ വകുപ്പ് സ്കൂളുകൾക്ക് നിർദേശം നൽകി. മേയ് രണ്ട് മുതൽ സംസ്ഥാന സിലബസുള്ള സർക്കാർ, എയ്ഡഡ് അടക്കമുള്ള സ്കൂളുകളിൽ പ്രവേശനം ആരംഭിക്കും. രേഖകളില്ലാത്ത കുട്ടികൾക്ക് അവ ലഭിക്കുംവരെ താത്കാലികപ്രവേശനം എന്ന നിലയിലാവും നടപടി. സ്‌കൂൾ പ്രവേശനത്തിന് ഒരു തരത്തിലുള്ള പ്രവേശന പരീക്ഷയും നടത്തരുതെന്നും നിർദേശമുണ്ട്.
