കൊച്ചി: ഒമ്പത് വർഷത്തെ കോർപ്പറേറ്റ് ജോലി ഉപേക്ഷിച്ച് ഓട്ടോറിക്ഷാ ഡ്രൈവറായി മാറിയ യുവതിയുടെ ജീവിതം സോഷ‍്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു. മലയാളിയും സംരംഭകയുമായ നെസ്രിൻ മിദ്‌ലാജ് യാദൃശ്ചികമായാണ് ഈ ഓട്ടോ ഡ്രൈവറെ കാണാനിടയായത്. ഇതിൻറെ വിഡിയോ നെസ്‌റിൻ സോഷ‍്യൽ മീഡിയയിൽ പങ്കുവച്ചതോടെയാണ് കൂടുതൽ കാഴ്ചക്കാരിലേക്ക് എത്തിയത്. കോർപ്പറേറ്റ് ലോകത്തെ മാനസിക സമ്മർദത്തിൽ നിന്നും മോചനം നേടാൻ വേണ്ടിയാണ് ജോലി ഉപേക്ഷിച്ചതെന്നും ഇപ്പോൾ ഓട്ടോ ഓടിച്ച് മാസം 60,000 രൂപയോളം സമ്പാദിക്കുന്നുണ്ടെന്നും യുവതി പറയുന്നു. ഏറ്റവും ശക്തമായ കഥകൾ ഉണ്ടാകുന്നത് അപ്രതീക്ഷിതമായ സംഭാഷണങ്ങളിൽ നിന്നാണ് എന്ന കുറിപ്പോടെയാണ് നെസ്‌റിൻ തൻറെ ഇൻസ്റ്റഗ്രാം വിഡിയോ ആരംഭിക്കുന്നത്. ഓട്ടോ ഡ്രൈവറായ യുവതിയുടെ പേരോ മറ്റു വിവരങ്ങളോ വെളിപ്പെടുത്തിയിട്ടില്ല. നിരവധിയാളുകളാണ് ഓട്ടോ ഡ്രൈവറെ പുകഴ്ത്തി രംഗത്തെത്തിയിരിക്കുന്നത്.
