VBC NEWS THODUPUZHA

neyyasserykaran@gmail.com

98471 41115

Latest News >>

Lastest News >>

മീശപ്പുലിമലകയറാം,നീലക്കുറിഞ്ഞികാണാന്‍മുന്‍കൂട്ടി അനുമതി വാങ്ങണമെന്ന് വനം വകുപ്പ്

ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും ഉയരമുള്ള രണ്ടാമത്തെ കൊടുമുടിയായ മീശപ്പുലിമലയില്‍ നീലക്കുറിഞ്ഞി ആസ്വദിക്കാന്‍ മുന്‍കൂട്ടി അനുമതി വാങ്ങണമെന്ന് വനം വകുപ്പ്. കുറിഞ്ഞി ആപ്പ് വഴിയോ www.kfdcecotourism.com എന്ന വെബ്സൈറ്റ് വഴിയോ മുന്‍കൂട്ടി ബുക്ക് ചെയ്ത ശേഷം എത്തുന്നവര്‍ക്കേ മീശപ്പുലിമലയില്‍ പ്രവേശനം അനുവദിക്കൂവെന്നും ദിവസവും 750 പേരെയേ കടത്തി വിടൂവെന്നും വനം വകുപ്പ് അധികൃതര്‍ വ്യക്തമാക്കി.

മൂന്നാര്‍ സൈലന്റ് വാലി റോഡിലുള്ള കോര്‍പറേഷന്റെ ഓഫീസില്‍ നിന്ന് 28 കിലോമീറ്റര്‍ അകലെയാണ് മീശപ്പുലിമല.ഇവിടേയ്ക്ക് സഞ്ചാരികള്‍ക്ക് എത്തിച്ചേരാന്‍ വനം വകുപ്പ് വാഹന സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്.ഒരാള്‍ക്ക് ജി എസ് ടി ഉള്‍പ്പെടെ 1475 രൂപയാണ് നിരക്ക്. രാവിലെ ആറുമണി മുതലാണ് പ്രവേശനം . 60 പേര്‍ക്ക് ടെന്റ് സ്റ്റേ സൗകര്യവും വനം വകുപ്പ് ഒരുക്കിയിട്ടുണ്ട് .സ്ലീപ്പിംഗ് ബാഗുകള്‍ ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ടെന്റിലുണ്ട്. മൂന്നു നേരം ഭക്ഷണം ഉള്‍പ്പെടെ ഇവിടെ താമസിക്കുന്നതിന് പ്രത്യേക ഇക്കോ ടൂറിസം പാക്കേജിന്റെ ഭാഗമായി ഒരാള്‍ക്ക് 4500 രൂപയാണ് നിരക്ക്. റോഡോ മാന്‍ഷനില്‍ 18 പേര്‍ക്ക് പ്രത്യേക താമസ സൗകര്യവും ഒരുക്കിയിട്ടുണ്ട്.

ഏഴു കിലോമീറ്റര്‍ ഓഫ് റോഡ് യാത്ര ഉള്‍പ്പെടുന്ന ഈ ട്രക്കിംഗില്‍ വഴിയോരത്ത് പല ഭാഗത്തും നീലക്കുറിഞ്ഞി വസന്തം കാണാം എന്നതാണ് പ്രത്യേകത . സമുദ്രനിരപ്പില്‍നിന്ന് 2,640 മീറ്റര്‍ (8661 അടി) ഉയരത്തിലുള്ള മീശപ്പുലിമല ട്രക്കിങ് തന്നെ ആകര്‍ഷകമാണ് .വരയാടുകളെ കാണുന്നതിനും സൂര്യോദയം ആസ്വദിക്കുന്നതിനും പുറമേ പൂത്തിറങ്ങിയ കുറിഞ്ഞി വസന്തം കൂടിയായപ്പോള്‍ സഞ്ചാരികള്‍ക്ക് ഇപ്പോള്‍ ഇവിടെ കാഴ്ചയുടെ നിറപ്പൊലിമയാണ്. 12 വര്‍ഷത്തിലൊരിക്കല്‍ മാത്രം പൂക്കുന്ന നീലക്കുറിഞ്ഞി സംരക്ഷിത പുഷ്പങ്ങളില്‍ ഒന്നാണ്. ഇത് പറിക്കുന്നതും ചെടികള്‍ നശിപ്പിക്കുന്നതും ശിക്ഷാര്‍ഹമാണന്നും നിയമലംഘകര്‍ക്കെതിരേ കര്‍ശന നടപടിയെടുക്കുമെന്നും വനം വകുപ്പ് അറിയിച്ചു

Leave a Comment

Your email address will not be published. Required fields are marked *