തൊടുപുഴ: തനിക്ക് മാനഹാനി വരുത്തത്തക്ക നിലയിൽ തൊടുപുഴ വി.ബി.സി ചാനലിൽ പ്രസ്താവന നടത്തിയ കേരള കോൺഗ്രസ് എം ഉന്നത അധികാര സമിതി അംഗം കെ ഐ ആന്റണിക്കെതിരെ കേരള കോൺഗ്രസ് നേതാവ് അഡ്വ. ജോസഫ് ജോൺ ഒരുകോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടു നോട്ടീസ് നൽകി.

വിബിസി ചാനലിലെ വർത്തമാനം പരിപാടിയിൽ പങ്കെടുത്ത് പൊതുജനങ്ങൾക്ക് ഇടയിലുള്ള തൻ്റെ മാന്യമായ പ്രതിച്ഛായക്ക് കളങ്കം ചാർത്തുന്ന നിലയിലും മാനഹാനി ഉണ്ടാക്കുന്ന നിലയിലും താനും പി ജെ ജോസഫ് എംഎൽഎയും അഴിമതിക്കാരാണെന്ന് പരസ്യപ്രസ്താവന നടത്തിയതായും നോട്ടീസിൽ ആരോപിച്ചിട്ടുണ്ട്. 15 ദിവസത്തിനുള്ളിൽ കെ ഐ ആന്റണി പ്രസ്താവന തിരുത്തി പരസ്യമായി മാപ്പ് പറയണമെന്നും അല്ലാത്തപക്ഷം ഒരു കോടി രൂപ നഷ്ടപരിഹാരം ഈടാക്കുന്നതിന് സിവിൽ ആയും അതോടൊപ്പം ക്രിമിനൽ നടപടികളും സ്വീകരിക്കുമെന്നും നോട്ടീസിൽ അറിയിച്ചു.

അഡ്വ. ജോസഫ് ജോൺ നൽകിയ നോട്ടീസിൻ്റെ പൂർണ്ണ രൂപം;
ഞാൻ തൊടുപുഴയിലെ കോടതികളിലും കേരള ഹൈക്കോടതിയിലും 38 വർഷമായി പ്രാക്ടീസ് ചെയ്യുന്ന ഒരു പ്രമുഖ അഭിഭാഷകനാണ്. ഞാൻ തൊടുപുഴയിലും കേരളത്തിൽ ആകെയും അറിയപ്പെടുന്ന ഒരു പൊതു – സാമൂഹ്യ പ്രവർത്തകനാണ്. തൊടുപുഴ നഗരസഭ കൗൺസിലിലേക്ക് നാലു തവണ അംഗമായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. തൊടുപുഴ മുനിസിപ്പൽ വൈസ് ചെയർമാൻ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എന്നീ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്. കേരള ബാർ കൗൺസിൽ അംഗമായി 2005 മുതൽ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഇപ്പോഴും ബാർ കൗൺസിൽ അംഗമാണ്. കേരള ബാർ കൗൺസിൽ ചെയർമാൻ, വൈസ് ചെയർമാൻ, എക്സിക്യൂട്ടീവ് കമ്മിറ്റി ചെയർമാൻ, അച്ചടക്ക സമിതി അംഗം തുടങ്ങിയ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. ബാർ കൗൺസിൽ അംഗമായും ഭാരവാഹിയായും എൻറെ പ്രവർത്തനങ്ങൾ മൂലം കേരളത്തിലെ അഭിഭാഷകരുടെ ഇടയിൽ എന്നെക്കുറിച്ച് വലിയതോതിലുള്ള കളങ്കമില്ലാത്ത സൽപേരും സ്നേഹാദരവുകളും ഉള്ളതാണ്. അഭിഭാഷകരുടെ ഇടയിലും ജുഡീഷ്യറി ഉൾപ്പെടെ നിയമവൃത്തങ്ങളിൽ സൽപേരോടെ പരക്കെ അറിയപ്പെടുന്ന വ്യക്തിയുമാണ് ഞാൻ. ഇടുക്കി ജില്ല ഗവൺമെൻറ് പ്ലീഡറും പബ്ലിക് പ്രോസിക്യൂട്ടീറുമായും ഞാൻ പ്രവർത്തിച്ചിട്ടുണ്ട്. തൊടുപുഴ സർവീസ് സഹകരണ ബാങ്ക്, ഇടുക്കി ജില്ലാ കോപ്പറേറ്റീവ് ആശുപത്രി, തൊടുപുഴ ഐഎംഎ ബ്ലഡ് ബാങ്ക് സൊസൈറ്റി എന്നിവയുടെ ഭരണസമിതി അംഗമായും ഞാൻ പ്രവർത്തിച്ചിട്ടുണ്ട്. ഇടുക്കി ജില്ലാ ബാർ അസോസിയേഷൻ പ്രസിഡണ്ട് ആയും രണ്ടു തവണ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഇതിനുപുറമെ ഞാൻ അംഗമായ കേരള കോൺഗ്രസ് പാർട്ടിയുടെ വിവിധ കമ്മിറ്റികളിൽ അംഗമായും ഭാരവാഹിയായും പ്രവർത്തിച്ചിട്ടുണ്ട്. വിദ്യാഭ്യാസകാലത്ത് തൊടുപുഴ ന്യൂമാൻ കോളേജ് വിദ്യാർത്ഥി യൂണിയൻ ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. കോതമംഗലം കത്തോലിക്കാ രൂപതയുടെ പാസ്റ്ററൽ കൗൺസിൽ അംഗമായും ഞാൻ പ്രവർത്തിച്ചിട്ടുണ്ട്.
മേൽപ്പറഞ്ഞ സ്ഥാനങ്ങളിൽ ഉള്ള എൻറെ പ്രവർത്തന കാലത്തോ അല്ലാത്ത കാലങ്ങളിലോ എന്നെപ്പറ്റി യാതൊരുവിധ അഴിമതി ആരോപണങ്ങളും ഉയർന്നു വന്നിട്ടില്ല. എൻറെ പ്രവർത്തന മേഖലകളിൽ എല്ലാം തികച്ചും സത്യസന്ധതയോടെയും ആത്മാർത്ഥതയോടെയും അഴിമതി രഹിതമായും ആണ് ഞാൻ പ്രവർത്തിച്ചിട്ടുള്ളത്. ആരും ഒരു വിധത്തിലുള്ള അഴിമതി ആരോപണവും എൻറെ പേരിൽ ആരോപിക്കപ്പെടുകയോ ഏതെങ്കിലും അഴിമതി കേസിൽ ഞാൻ ഉൾപ്പെടുകയോ ചെയ്തിട്ടില്ല. ഞാൻ ഒരുതരത്തിലുള്ള അഴിമതി നടത്തുകയോ അഴിമതിക്ക് കൂട്ടുനിൽക്കുകയോ ചെയ്തിട്ടില്ല. എനിക്ക് സമൂഹത്തിൽ നല്ല നിലയും വിലയും സൽപേരും ഉണ്ടാക്കുവാനും നാളിതുവരെ നിലനിർത്തുവാനും കഴിഞ്ഞിട്ടുണ്ട്. മേൽപ്പറഞ്ഞ സ്ഥാനങ്ങൾ വഹിച്ചത് മൂലവും പൊതുപ്രവർത്തനരംഗത്തെ എൻറെ പ്രവർത്തനങ്ങൾ മൂലവും കേരളത്തിലും പ്രത്യേകിച്ച് ഇടുക്കി ജില്ലയിലും തൊടുപുഴയിലും പൊതു ജനങ്ങൾക്ക് എന്നെപ്പറ്റി നല്ല മതിപ്പും സൽപേരും നല്ല അഭിപ്രായവും ഉണ്ടായിട്ടുണ്ട്.
തൊടുപുഴ വിബിസി ന്യൂസ് ചാനൽ വലിയ പ്രചാരണമുള്ള ഒരു വാർത്താചാനലാണ്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കുന്ന വേളയിൽ ആയിരക്കണക്കിന് ജനങ്ങൾ ഈ വാർത്ത ചാനലിലെ വിവിധ പ്രോഗ്രാമുകൾ വീക്ഷിക്കുന്നതും വിലയിരുത്തുന്നത് ആണ്. വി ബി സി ന്യൂസിന്റെ ഒരു പ്രധാന പ്രോഗ്രാമാണ് വർത്തമാനം എന്ന പരിപാടി. ഈ പരിപാടിയിൽ പ്രമുഖ വ്യക്തികളുടെ ഇൻറർവ്യൂകൾ റെക്കോർഡ് ചെയ്ത് പ്രസിദ്ധീകരിക്കുന്നതും ആയത് ആയിരക്കണക്കിന് ജനങ്ങൾ കേൾക്കുകയും വീക്ഷിക്കുകയും ചെയ്യുന്നതാണ്.
വിബിസി ചാനലിലെ വർത്തമാനം പരിപാടിയിൽ എൻറെ ഇൻറർവ്യൂ പ്രസിദ്ധീകരിച്ചിരുന്നു. ഈ ചാനൽ 2025 ഡിസംബർ 7 ന് പ്രസിദ്ധീകരിച്ച വർത്തമാനം പരിപാടിയിൽ അങ്ങയുടെ ഇൻറർവ്യൂ പ്രസിദ്ധീകരിക്കുകയും ആയിരക്കണക്കിന് ജനങ്ങൾ ഈ ഇൻറർവ്യൂ കാണുകയും കേൾക്കുകയും ചെയ്തിട്ടുണ്ട്. ഇത് സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കപ്പെട്ടിട്ടുണ്ട്. പ്രസ്തുത ഇൻറർവ്യൂവിൽ അങ്ങ് എന്നെക്കുറിച്ച് പല പരാമർശങ്ങൾ നടത്തിയ കൂട്ടത്തിൽ എൻറെ സൽപേരിന് കളങ്കം ചാർത്തുന്നത് എനിക്ക് മാനഹാനി ഉണ്ടാക്കുന്നതുമായ താഴെപ്പറയുന്ന പ്രസ്താവനകൾ നടത്തുകയുണ്ടായി. അത് ഇപ്രകാരമാണ്.
- ജോസഫ് ജോൺ പി ജെ ജോസഫിന്റെ ഒരു തൊഴിലാളിയാണ്.
- കുറച്ച് കാലം ജോസഫ് ജോൺ എല്ലാം ഇങ്ങേരുടെ കൂടെ നടന്ന് അഴിമതി നടത്തി നന്നായി വളർന്നിട്ടുണ്ട്.
- ഇവര് നല്ല അഴിമതി താല്പര്യം ഉള്ളവരാണ്.
- ജോസഫ് ജോണിന്റെ കാര്യത്തോട് എനിക്ക് ഒന്നും പറയാനില്ല. അദ്ദേഹത്തിൻറെ പാരമ്പര്യവും ജോസഫിൻ്റെ പാരമ്പര്യവും സമാനമായി പാരലലായി പോകുന്ന അഴിമതി സ്വഭാവക്കാരാണ് രണ്ടുപേരും.
ഞാൻ അഴിമതിക്കാരനാണെന്ന അങ്ങയുടെ പ്രസ്താവന ആയിരക്കണക്കിന് ആയ ജനങ്ങളും അഭിഭാഷകരും കേൾക്കുകയും തന്മൂലം എന്നെക്കുറിച്ച് സമൂഹത്തിലാകെ അവമതിപ്പുണ്ടാക്കാൻ ഇട വരുകയും സമൂഹത്തിലുള്ള എന്റെ സൽപേരിന് കളങ്കം ചാർത്താൻ ഇടവരുകയും ചെയ്തിട്ടുണ്ട്. താങ്കളുടെ പ്രസ്താവന മൂലം എനിക്ക് സമൂഹത്തിലുള്ള നിലക്കും വിലക്കും മാന്യതയ്ക്കും വൻതോതിൽ ഇടിവുണ്ടായിട്ടുള്ളതും എനിക്ക് വലിയ മാനഹാനിക്ക് ഇടവരുത്തിയിട്ടുള്ളതുമാണ്. അങ്ങയുടെ പ്രസ്തുത പ്രസ്താവന അടിസ്ഥാനരഹിതവും നുണയുമാണ്. എനിക്ക് സമൂഹത്തിൽ അവമതിപ്പും മാനഹാനിയും ഉണ്ടാക്കുന്നതിന് താങ്കൾ മനപ്പൂർവ്വം പ്രസ്തുത പ്രസ്താവന നടത്തിയിട്ടുള്ളതാണ്. അങ്ങയുടെ ഇന്റർവ്യൂവിൽ എന്നെ കുറിച്ചുള്ള പ്രസ്താവനകൾ പൊതുജനങ്ങൾ കേൾക്കണമെന്ന ദുരുദ്ദേശത്തോടെ കൂടി പ്ലാൻ ചെയ്ത് നടത്തിയിട്ടുള്ളതാണ്. ഈ പ്രസ്താവന നാടെങ്ങും പ്രചരിക്കപ്പെട്ടിട്ടുണ്ട്. അപ്രകാരം പ്രചാരണം ഉണ്ടാകുമെന്നും അങ്ങേക്ക് നല്ലവണ്ണം അറിവുള്ളതുമാണ്.
അങ്ങ് തൊടുപുഴയിലെ ഒരു പ്രമുഖ പൊതുപ്രവർത്തകനും നേതാവാണ്. കേരള കോൺഗ്രസ് എം പാർട്ടിയുടെ ഉന്നതാധികാരസമിതി അംഗമാണ്. 2021ലെ നിയമസഭ തെരഞ്ഞെടുപ്പിൽ അങ്ങ് എൽഡിഎഫ് സ്ഥാനാർത്ഥിയായി തൊടുപുഴ നിയോജക മണ്ഡലത്തിൽ നിന്നും ജനവിധി നേടിയിട്ടുള്ള വ്യക്തിയാണ്. അങ്ങയെയും അങ്ങയുടെ പ്രസ്താവനകളെയും വിശ്വാസത്തിൽ എടുക്കുന്ന ആയിരക്കണക്കിന് ജനങ്ങൾ നാട്ടിലുണ്ട്. അവരെല്ലാം തന്നെ അങ്ങയുടെ എന്നെ പറ്റിയുള്ള പ്രസ്താവന കേട്ടിട്ടുള്ളതും അത് വിശ്വാസത്തിൽ എടുക്കുകയും ചെയ്തിട്ടുള്ളതുമാണ്.
അങ്ങയുടെ പ്രസ്താവന വിബിസി ന്യൂസ് ചാനൽ പ്രസിദ്ധീകരിക്കുകയും വിവിധ സോഷ്യൽ മീഡിയകളിൽ ഇതിന് വലിയ പ്രചാരണം ലഭിക്കുകയും ചെയ്തിട്ടുണ്ട്. അങ്ങയുടെ ഈ പ്രസ്താവനയുടെ വ്യാപ്തി ഈ സാഹചര്യത്തിൽ ഞാൻ കൂടുതൽ വിശദീകരിക്കേണ്ടതില്ലല്ലോ.
അങ്ങയുടെ പ്രസ്താവന എനിക്ക് വലിയ മനോവിഷമത്തിനും മാനഹാനിക്കും ഇടയാക്കിയിട്ടുള്ളതാണ്. അത് അളക്കാൻ കഴിയാത്തത് ആണെങ്കിലും എനിക്കുണ്ടായ നഷ്ടത്തിന് ഒരുകോടി രൂപയെങ്കിലും നഷ്ടപരിഹാരം ലഭിക്കാൻ എനിക്ക് അർഹതയുള്ളതാണ്.
ഈ സാഹചര്യത്തിൽ അങ്ങ് നടത്തിയ പ്രസ്താവന പരസ്യമായി പിൻവലിക്കുകയും അങ്ങ് പ്രസ്താവന നടത്തി പ്രസിദ്ധീകരിച്ച ചാനലിൽ അതേ പരിപാടിയിൽ പരസ്യമായി മാപ്പ് പറയുകയും പത്രമാധ്യമങ്ങളിലൂടെ അത് പ്രസിദ്ധീകരിക്കുകയും ചെയ്യണമെന്ന് ഞാൻ അഭ്യർത്ഥിക്കുന്നു. ഇപ്രകാരം ചെയ്യാത്ത പക്ഷം താങ്കൾക്കെതിരെ സിവിലും ക്രിമിനലുമായി ആവശ്യമായ നിയമനടപടി സ്വീകരിക്കുന്നതാണെന്നും അതുമൂലം ഉണ്ടാകുന്ന എല്ലാ കഷ്ടനഷ്ടങ്ങൾക്കും താങ്കൾ ഉത്തരവാദിയായിരിക്കുമെന്നും ഇതിനാൽ അറിയിച്ചുകൊള്ളുന്നു.
