തൊടുപുഴ: കെ എസ് ആർ ടി സി അന്തർ സംസ്ഥാന സർവീസ് തൊടുപുഴയിൽ നിന്നും ആരംഭിക്കുന്നതായി കേരള കോൺഗ്രസ് ബി സംസ്ഥാന സെക്രട്ടറി പോൾ സൺ മാത്യു പറഞ്ഞു. പാർട്ടി ചെയർമാനും ഗതാഗത വകുപ്പ് മന്ത്രിയുമായ കെ ബി ഗണേഷ് കുമാറുമായി സംസാരിച്ചതിന്റെ അടിസ്ഥാനത്തിൽ തൊടുപുഴയിൽ നിന്നും തേനിക്ക് കെഎസ്ആർടിസി സർവീസ് ആരംഭിക്കുന്നത്. ഉച്ചയ്ക്ക് 12.55 ന്തൊടുപുഴയിൽ നിന്ന് പുറപ്പെട്ട് 5.30 ന് തേനിയിൽ എത്തിച്ചേരും. തിരിച്ച് രാത്രി 11 മണിക്ക് തേനിയിൽ നിന്ന് പുറപ്പെട്ട് 5.20 ന്കോട്ടയത്ത് എത്തിച്ചേരും. തുടർന്ന് കോട്ടയത്തു നിന്നു 7.35 തൊടുപുഴയിൽ എത്തിച്ചേരും. തൊടുപുഴ തേനി സർവീസ് പൈങ്ങോട്ടൂർ അടിമാലി രാജാക്കാട് പൂപ്പാറ ബോഡിമെട്ട് വഴിയാണ് തേനിക്ക് സർവീസ് നടത്തുന്നത്. ഏതാണ്ട് 30 വർഷമായി തൊടുപുഴയിൽ നിന്നും വേളാങ്കണ്ണി സർവീസ് മാറിയശേഷം ആദ്യമായാണ് ഒരു അന്തർ സംസ്ഥാന സർവീസ് ആരംഭിക്കുന്നത്. തൊടുപുഴക്കാർ നിരന്തരം ആവശ്യപ്പെട്ടു കൊണ്ടിരുന്ന ഒരു കാര്യമായിരുന്നു തൊടുപുഴയിൽ നിന്നും അന്തർ സംസ്ഥാന സർവീസ്. ഇതിന് അനുമതി നൽകിയ ഗതാഗത വകുപ്പ് മത്രിയെ സംസ്ഥാന സെക്രട്ടറി പോൾസൺ മാത്യു അഭിനന്ദിച്ചു. ടിക്കറ്റ് നിരക്ക് തൊടുപുഴ മുതൽ തേനി വരെ 265 രൂപയാണ്.
