VBC NEWS THODUPUZHA

neyyasserykaran@gmail.com

98471 41115

മഴക്കാല ആരോഗ്യ സംരക്ഷണം ആയൂർവ്വേദത്തിലൂടെ; ഡോ. കൃഷ്ണ സേതുലക്ഷ്മി എഴുതുന്നു

കേരളത്തിൽ മഴക്കാലം ആരംഭിക്കുന്നത് ഏതാണ്ട് മെയ് മാസം അവസാനത്തോടെയാണ്. മൺസൂൺ എന്നറിയപ്പെടുന്ന ഈ മഴക്കാലം വേനൽക്കാലത്തേ തുടർന്ന് പെട്ടെന്നുണ്ടാകുന്നതും ജൂൺ, ജൂലൈ, ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ തുടർച്ചയായി നൂണ്ട് നിൽക്കുന്നതുമാണ്. മൺസൂണിന് ശേഷം ഒരു മാസക്കാലത്തോളം തുലാവർഷം എന്ന് അറിയപ്പെടുന്ന മഴക്കാലവും ഉണ്ട്.

അതികഠിനമായ വേനൽചൂട് മാത്രമല്ല മഴക്കാലത്ത് പോലും തെളിയുന്ന വെയിലിന് അസഹ്യമായ ചൂട് നമുക്ക് അനുഭവപ്പെടുന്നു. തപിച്ച് കിടക്കുന്ന ഭൂമിയിലേക്ക് പെടടെന്ന് മഴ പെയ്യുമ്പോഴുണ്ടാകുന്ന കാലാവസ്ഥ വ്യതിയാനം മനുഷ്യരിലും ജീവജാലങ്ങളിലും നിരവധി രോഗങ്ങളുണ്ടാക്കുന്നു. പല തരത്തിലുള്ള പനികൾ, ജലദോഷം, ദഹനക്കേട്, വയറിളക്കം, ഛർദ്ദി, മഞ്ഞപ്പിത്തം ഇവ മഴക്കാല രോഗങ്ങളിൽചിലതാണ്. അവ പലതും പകർച്ച വ്യാധികളുമാണ്. കൂടാതെ വാതരോഗങ്ങൾ, ശ്വാസംമുട്ടൽ, വിവിധ തരം അലർജികൾ ഇവയും മഴക്കാലത്ത് കൂടുതലായി കാണുന്നു.

മഴക്കാല രോഗങ്ങളുടെ പ്രതിരോധത്തിനായി ആയൂർവ്വേദം നിർദേശിക്കുന്നത് പ്രധാനമായും താഴെ പറയുന്ന കാര്യങ്ങളാണ്…

1.കാലാവസ്ഥാ വ്യതിയാനത്തിൻ്റെ ഫലമായി ശരീരത്തെ പ്രതികൂലമായി ബാധിക്കുന്ന മാറ്റങ്ങളെ ചെറുക്കുന്നതിനായി വിദഗ്ധനായ ഒരു ആയൂർവ്വേദ ഡോക്ടറെ കണ്ട് ശരീരത്തിന് അനുയോജ്യമായ ഔഷധം കൊണ്ട് വയറിളക്കുക. ഇത് ശരീരത്തിൽ കെട്ടിക്കിടക്കുന്ന മാലിന്യങ്ങളെ നീക്കം ചെയ്യുകയും ചയാപചയ പ്രവർത്തനങ്ങളെ ത്വരിതപ്പെടുത്തുകയും ചെയ്യുന്നു.

2.ഡോക്ടറുടെ നിർദേശപ്രകാരം അനുയോജ്യമായ ഔഷധം കൊണ്ട് നസ്യം ചെയ്യുക. ഇത് ശിരസ്സിൽ കെട്ടിക്കിടക്കുന്ന കഫത്തേയും മറ്റ് മാലിന്യങ്ങളെയും പുറത്ത് കളയുകയും ശിരസ്സിനെ ശുദ്ധമാക്കുകയും ജലദോഷം, സൈനസൈറ്റിസ്, തലവേദന തുടങ്ങിയ കഫ രോഗങ്ങളെ പ്രതിരോധിക്കുകയും ചെയ്യും.

3.മഴക്കാലത്ത് ദേഹത്ത് എണ്ണ തേച്ച് ചൂടുവെള്ളത്തിൽ‌ കുളിക്കുന്നത് വാതരോഗങ്ങളെ ശമിപ്പിക്കും.

4.തിളപ്പിച്ചാറിയ വെള്ളമാണ് കുടിക്കാൻ ഉപയോഗിക്കേണ്ടത്. വെള്ളം തിളപ്പിക്കുന്നതിനായി തുളസിയില, പനിക്കൂർക്കയില, മഞ്ഞൾ, പേരയില, തഴുതാമയില, മുരിങ്ങയില, ഇഞ്ചി, ഗ്രാമ്പൂ, കുരുമുളക്, ജീരകം, നെല്ലിക്ക എന്നിവ ഉപയോഗിക്കുന്നതാണ് നല്ലത്.

5.സന്ധ്യാസമയങ്ങളിൽ വീടുകളിലും പരിസരത്തും ചകിരിയോ മറ്റോ കത്തിച്ച് പുക ഏൽക്കാവുന്നതാണ്. ചകിരിയോടൊപ്പം മഞ്ഞൾ, തുളസിയില, തെള്ളി, കുന്തിരിക്കം, അഷ്ടഗന്ധം മുതലായവ പുകയ്ക്കാവുന്നതാണ്. ഈ പുക അന്തരീക്ഷത്തിൽ കലരുന്നതോടെ വായുവിലുള്ള രോഗാണുക്കൾ വൻതോതിൽ ചത്തൊടുങ്ങുന്നതായി പഠനങ്ങൾ തെളിയിക്കുന്നു. ഈ പുക ശ്വസിക്കുന്നതും ശ്വസനവ്യൂഹത്തിൻ്റെ പ്രവർത്തനങ്ങൾക്ക് ഉണർവ് നൽകും.

6.അന്നന്ന് പാകം ചെയ്യുന്നതും ഗുണമേൻമയുള്ളതുമായ ഭക്ഷണം യഥാസമയത്ത് അനുയോജ്യമായ അളവിൽ കഴിക്കുക. പാകം ചെയ്ത ഭക്ഷണം ചൂടോടെ തന്നെ കഴിക്കുന്നതാണ് ഏറ്റവും നല്ലത്. ഇത് കൊണ്ട് രോഗാണു സംക്രമണത്തെയും ഈച്ച, കൊതുക് മുതലായ ക്ഷുദ്ര ജീവികളുടെ ഉപദ്രവങ്ങളെയും കുറയ്ക്കാൻ സഹായിക്കുന്നു.

7.സ്വന്തം ശരീര പ്രകൃതിക്കനുസരിച്ചുള്ള വ്യായാമങ്ങൾ(യോഗ, സൂമ്പ ഡാൻസ്, ജിം വ്യായാമങ്ങൾ മുതലായവ) ദിവസവും ശീലിക്കണം. ഇത് അമിത കൊഴുപ്പിനെ ഇല്ലാതാക്കുകയും രക്ത ചംക്രമണത്തെ വർധിപ്പിക്കുകയും ചെയ്യുന്നു.

8.മലമൂത്ര വിസർജനം യഥാസമയത്ത് നിർവ്വഹിക്കണം. രാവിലെ എഴുന്നേൽക്കുമ്പോൾ രണ്ട് – മൂന്ന് ഗ്ലാസ് ചൂടുവെള്ളം കുടിക്കുന്നത് നല്ല മലശോധനയുണ്ടാകാൻ സഹായിക്കും.

9.ഏഴ് മുതൽ എട്ട് മണിക്കൂർ വരെ രാത്രി സുഖമായി ഉറങ്ങുക. മഴക്കാലത്ത് പകലുറക്കം നല്ലതല്ല. കഫം സംബന്ധമായ അസുഖങ്ങൾ ഉണ്ടാകുവാനും പകലുറക്കം കാരണമാകും.

10.വ്യക്തിശുചിത്വം നല്ലവണ്ണം പാലിക്കുക. മലമൂത്രങ്ങൾ തടഞ്ഞു നിർത്താതെ കൃത്യസമയത്ത് വിസർജനം ചെയ്യുന്നത് ആന്തരിക ശരീരശുചിത്വം നൽകുന്നു. ദിവസേന രാവിലെ തന്നെ കുളിക്കേണ്ടകാണ്. ദേഹത്ത് ചൂടുവെള്ളവും തലയിൽ ചൂടില്ലാത്ത വെള്ളവും ഉപയോഗിക്കുന്നതാണ് നല്ലത്. നല്ല കുളി ബാഹ്യശുചിത്വവും ഊർജ്ജവും നൽകുന്നു. വീടും പരിസരവും അങ്ങേയര്റം വൃത്തിയായി സൂക്ഷിക്കേണ്ടതാണ്.

ഒഴിവാക്കേണ്ടവ:-

1..പകർച്ചവ്യാധികൾക്കോ രോഗാണു സംക്രമണത്തിനോ സാധ്യതയുള്ള സാഹചര്യങ്ങൾ പരമാവധി ഒഴിവാക്കേണ്ടതാണ്. പ്രത്യേകിച്ച് പ്രമേഹം, രക്താതിസമ്മർദം, ഹൃദ്രോഗം, ശ്വാസംമുട്ടൽ മുതലായ അസുഖങ്ങൾ ഉള്ളവർ.

2.ഫാസ്റ്റ് ഫുഡ്, ജംഗ് ഫുഡ്, പഴകിയ ഭക്ഷണം, ശീതീകരിച്ച ഭക്ഷണങ്ങൾ എന്നിവ ഒഴിവാക്കേണ്ടതാണ്.

3.വീട്ടിലോ പരിസരത്തോ മാലിന്യങ്ങളും വെള്ളവും കെട്ടികിടക്കാൻ അനുവദിക്കരുത്. ഈച്ച, കൊതുക് മുതലായ ക്ഷുദ്രജീവികൾ പെരുകാൻ അവസരം ഉണ്ടാക്കരുത്.

4.അശുദ്ധ ജലവും വൃത്തിഹീനമായ ഭക്ഷണവും പൂർണമായും ഒഴിവാക്കേണ്ടതാണ്. ശുചിത്വരഹിതമായ വസ്ത്രം മറ്റ് വസ്തുക്കൾ മുതലായവയും ഒഴിവാക്കേണ്ടതാണ്.

5.കുട്ടികൾ, വൃദ്ധജനങ്ങൾ, മറ്റസുഖങ്ങൾ ബാധിച്ചവർ, ഗർഭിണികൾ, പ്രസവിച്ചുകിടക്കുന്ന സ്ത്രീകൾ തുടങ്ങിയവർ മഴയും തണുപ്പും ഏൽക്കുന്നത് ഒഴിവാക്കുക.

രോഗപ്രതിരോധ ശേഷി നന്നേ കുറവുള്ളവർക്കാണ് കാലാവസ്‌ഥ വ്യതിയാനങ്ങൾ കൊണ്ട് ശരീരം പെട്ടന്ന് രോഗബാധിതമാകുന്നത്. ഇതിനായി ആയുർവ്വേദം അനുശാസിക്കുന്ന പ്രകാരം ശോധന ചികിത്സകൾ യഥാസമയങ്ങളിൽ നടത്തി ശരീരശുദ്ധി ഉറപ്പ് വരുത്തുക.

രക്തത്തിൽ അടങ്ങിയിരിക്കുന്ന ജീവികളും മൂലകങ്ങളും എല്ലാം പരിശോധിച്ച് കുറവുകൾ നികത്തുക, രസായന ഔഷധങ്ങൾ ഡോക്ടറുടെ നിർദേശ പ്രകാരം വേണ്ട സമയത്തെല്ലാം സ്വീകരിക്കുക.

ഇപ്രകാരം എല്ലാം ചെയ്യുന്നത് കൊണ്ട് പകർച്ചവ്യാധികളെ പ്രതിരോധിക്കാനുള്ള ആരോഗ്യം ശരീരത്തിന് ലഭിക്കുന്നു. കൂടാതെ മാനസിക ആരോഗ്യം സംരക്ഷിക്കേണ്ടതും അത്യാവശ്യമാണ്. അത്യാധുനിക ജീവിത ശൈലിയിൽ മാനസിക ആരോഗ്യത്തെ ഏറ്റവും കൂടുതൽ ഹനിക്കുന്ന ഘടകം മാനസിക സംഘർഷമാണ്. സ്ട്രെസ്സ് ആരോഗ്യത്തെയും പ്രതിരോധശേഷിയേയും ചികിത്സകളേയും ഫലപ്രാപ്തിയേയും പ്രതികൂലമായി ബാധിക്കുന്നു. അതുകൊണ്ട് സ്ട്രെസ്സിനെ നിയന്ത്രിക്കുന്നതിനായി യോഗ, മെഡിറ്റേഷൻ മുതലായ മാനസിക ആരോഗ്യ സംരക്ഷണ ഉപാധികൾ കൂടി ശീലിക്കേണ്ടതാണ്. ഏറ്റവും പ്രധാനമായി രോഗലക്ഷണങ്ങൾ കാണുമ്പോൾ തന്നെ സ്വയം ചികിത്സ നടത്താതെ വിദഗ്‌ധനായ ഡോക്ടറെ സമീപിക്കേണ്ടതാണ്.

Leave a Comment

Your email address will not be published. Required fields are marked *