VBC NEWS THODUPUZHA

neyyasserykaran@gmail.com

98471 41115

അർജൻ്റീന ‘തൂഫാനാകും’, പണ്ട് ഗോളിയായിരുന്നു; ഫുട്ബോൾ കഥകൾ പങ്കുവച്ച് രമേശ് ചെന്നിത്തല

തിരുവനന്തപുരം: ഫിഫ ലോകകപ്പിൽ അർജൻ്റീന ‘തൂഫാൻ’ ആകുന്നതും കാത്തിരിക്കുകയാണ് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. പണ്ടേ ഫുട്ബോൾ പ്രേമിയായിരുന്ന താൻ കുട്ടിക്കാലത്ത് കളിക്കുമ്പോൾ ഗോളിയായിരുന്നു. എതിരാളികളുടെ നീക്കം മുന്നിൽ കണ്ട് ഗോൾ തടയുകയാണ് ലക്ഷ്യം. മറഡോണയിൽ തുടങ്ങി മെസ്സി വരെ എത്തി നിൽക്കുന്ന അർജൻ്റീനിയൻ താരനിര എന്നും ഇഷ്ടമാണ്. 36 വർഷത്തെ കാത്തിരിപ്പിനു ശേഷം ഖത്തർ ലോകകപ്പിൽ അർജൻ്റീന ചരിത്രം കുറിച്ചു. ഇക്കുറി മെക്സികോ-അമേരിക-കാനഡ ലോകകപ്പിൽ കിരീടം നിലനിർത്തുമെന്ന് പ്രതീക്ഷിക്കുന്നു. അതിനായി കാത്തിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു. ലോകകപ്പിൻ്റെ പശ്ചാത്തലത്തിൽ പൊതുവിദ്യാഭ്യാസ വകുപ്പ് ആഭ്യന്തര വകുപ്പുമായി ചേർന്ന് സംഘടിപ്പിക്കുന്ന ‘1 മില്യൺ തൂഫാൻ ഗോൾസ്’ എന്ന പരിപാടി പേരൂർക്കട അമ്പലമുക്ക് ഗ്ലോബൽ സ്പോർട്സ് സിറ്റിയിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങിൽ അധ്യക്ഷനായെത്തിയ ബ്രസീൽ ഫാനായ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ. ഷംസുദ്ദീനുമായി ഫുട്ബോൾ ഫാൻഫൈറ്റ് തമാശ പങ്കിട്ട രമേശ് ചെന്നിത്തല കേരള പോലീസിൻ്റെ ലഹരി വിരുദ്ധ മാസ് ആക്ഷൻ ദൗത്യമായ ‘ഓപ്പറേഷൻ തൂഫാൻ – ദി നാർക്കോ ഹണ്ടി’നെ കുറിച്ചും സംസാരിച്ചു.

ഓപ്പറേഷൻ തൂഫാന് പിന്തുണയുമായി കേരളത്തിലെ 17,000 സ്കൂളുകളിൽ നിന്ന് 10 ലക്ഷം (1 മില്യൺ) ‘തൂഫാൻ ഗോളുകൾ’ പിറക്കുന്നത് സ്വാഗതാർഹമാണ്. കുട്ടികളെ പുകയില ഉത്പന്നങ്ങളിലേക്കും മറ്റ് ലഹരി പദാർത്ഥങ്ങളിലേക്കും ആകർഷിക്കുന്നവർക്കെതിരെ വിട്ടുവീഴ്ച്ചയില്ലാത്ത നടപടികളുണ്ടാകും. മയക്കുമരുന്നിനെതിരെ സന്ധിയില്ലാത്ത യുദ്ധമാണ് നടക്കുന്നത്. അതിൽ സിനിമാതാരമെന്നോ കാരവാനെന്നോ വ്യവസായികളെന്നോ വ്യത്യാസമില്ലാതെ ലഹരി തടയും. ലോക ആൻ്റി നർക്കോട്ടിക് ദിനമായ ജൂൺ 26ന് എല്ലാ വിദ്യാർഥികളും ലഹരി വിരുദ്ധ പ്രതിജ്ഞ സ്വീകരിക്കണം. ജീവിതമാണ് ലഹരി, ഫുട്ബോളാണ് ലഹരി എന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. ‘1 മില്യൺ തൂഫാൻ ഗോൾസ്’ പദ്ധതി രമേശ് ചെന്നിത്തല പന്തുതട്ടി കിക്ക് ഓഫ് ചെയ്തു.

അന്താരാഷ്ട്ര ഹോക്കി കളിക്കാരൻ ഒളിമ്പ്യൻ പി.ആർ. ശ്രീജേഷ്, പൊതുവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി ഡോ. ഡി. സജിത് ബാബു, പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ സ്നേഹിൽ കുമാർ സിംഗ്, കൈറ്റ് സിഇഒ കെ. അൻവർ സാദത്ത് തുടങ്ങിയവർ പങ്കെടുത്തു. സാൽവേഷൻ ആർമി സ്കൂളിലെ നാൽപ്പതോളം വിദ്യാർഥികളും പങ്കെടുത്തു.

Leave a Comment

Your email address will not be published. Required fields are marked *