ന‍്യൂഡൽഹി: കരൂർ ദുരന്തത്തിൽ സിബിഐ അന്വേഷണം വേണമെന്നാവശ‍്യപ്പെട്ട് ബിജെപി സുപ്രീം കോടതിയെ സമീപിച്ചു. ബിജെപി നേതാവ് ഉമാ ആനന്ദാണ് സുപ്രീം കോടതിയിൽ അപ്പീൽ നൽകിയത്. നേരത്തെ സിബിഐ അന്വേഷണം വേണമെന്ന ആവശ‍്യപ്പെട്ടുള്ള ഹർജികൾ മദ്രാസ് ഹൈക്കോടതി തള്ളിയിരുന്നു.
ഇതിനെതിരെയാണ് ഉമാ ആനന്ദ് അപ്പീൽ നൽകിയിരിക്കുന്നത്. വെള്ളിയാഴ്ച അപ്പീൽ പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് വ‍്യക്തമാക്കി. തമിഴക വെട്രി കഴകത്തിൻറെ റാലിക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 41 പേരാണ് മരിച്ചത്. ദുരന്തം അന്വേഷിക്കാൻ മദ്രാസ് ഹൈക്കോടതി പ്രത‍്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ട്.
വനിത ഐപിഎസ് ഉദ‍്യോഗസ്ഥ അശ്ര ഗർഗിൻറെ നേതൃത്വത്തിലുള്ള സംഘത്തിനാണ് അന്വേഷണ ചുമതല. കരൂർ അപകടം മനുഷ്യനിർമിതമാണെന്ന് നിരീക്ഷിച്ച കോടതി ടിവികെ അധ്യക്ഷൻ വിജയ്‌യെ രൂക്ഷമായി വിമർശിക്കുകയും ചെയ്തിരുന്നു. കുട്ടികളടക്കമുള്ളവർ മരിച്ചിട്ടും ഓടി രക്ഷപ്പെട്ട വിജയ്‌ക്ക് എന്ത് നേതൃ ഗുണമാണുള്ളതെന്നും കോടതി ചോദിച്ചിരുന്നു.