തിരുവനന്തപുരം: ഒരുവർഗീതയെയും കൂട്ടുപിടിക്കുന്ന സ്വഭാവം കോൺഗ്രസിനില്ലെന്നും മതേതരത്വത്തിൻറെ രക്തമാണ് കോൺഗ്രസിൻറെ സിരകളിലുള്ളതെന്നും കെ.സി വേണുഗോപാൽ എംപി. എല്ലാ സമൂഹത്തേയും ഒരുമിച്ച് കൊണ്ടുപോകുന്നതാണ് രീതി.
എല്ലാ സമുദായങ്ങളെയും ഉൾക്കൊള്ളുന്ന പാർട്ടിയാണ് കോൺഗ്രസ്. മുന്നോക്ക,പിന്നോക്ക,ന്യൂനപക്ഷ ഉൾപ്പെടെയുള്ള എല്ലാ വിഭാഗങ്ങളുമായി ആശയവിനിമയം നടത്തി അവരുടെ പ്രയാസങ്ങൾ മനസിലാക്കാറുണ്ട്. അവരുടെ എല്ലാ വികാരവും ഉൾക്കൊണ്ടാണ് ഞങ്ങൾ മുന്നോട്ട് പോകുന്നത്.
അതേ സമയം നിലപാടുകൾ തൻറേടത്തോടെ കോൺഗ്രസ് പറയുകയും ചെയ്യുമെന്നും വേണുഗോപാൽ വ്യക്തമാക്കി. ഫാസിസ്റ്റ് ശക്തികൾക്കെതിരെ നെഞ്ചുവിരിച്ച് പോരാടുന്ന നേതാവാണ് രാഹുൽ ഗാന്ധി. അദ്ദേഹത്തിൻറെ നയമാണ് കോൺഗ്രസിൻറേത്. സമുദായങ്ങൾക്കിടയിൽ സ്പർദ്ദ വളർത്തുകയെന്നത് കോൺഗ്രസ് ശൈലിയല്ല. വിദ്വേഷത്തിൻറെ കമ്പോളത്തിൽ സ്‌നേഹത്തിൻറെ കടകൾ തുറക്കുകയാണ് ഞങ്ങളുടെ നിലപാട്. മറിച്ച് വിദ്വേഷത്തിൻറെ കടകൾ വ്യാപിപ്പിക്കാനുള്ള ശ്രമങ്ങൾ ആര് നടത്തിയാലും അതിന് കോൺഗ്രസ് കൂട്ടുനിൽക്കില്ലെന്നും കെ.സി. വേണുഗോപാൽ പറഞ്ഞു.
