തൊടുപുഴ/മുട്ടം: സിനിമാ ചിത്രീകരണങ്ങളുടെ ഭാഗ്യലൊക്കേഷനായി അറിയപ്പെടുന്ന മലങ്കര ജലാശയവും പരിസരങ്ങളും വൻതോതിലുള്ള മാലിന്യ ഭീഷണിയിൽ. പച്ചപ്പ് നിറഞ്ഞ മലനിരകളും ജലസമൃദ്ധിയും കൊണ്ട് സഞ്ചാരികളെ ആകർഷിക്കുന്ന ഇടുക്കിയിലെ ഈ പ്രകൃതിരമണീയ പ്രദേശം, സിനിമാ ചിത്രീകരണത്തിന് ശേഷം ഉപേക്ഷിച്ച മാലിന്യങ്ങൾ കാരണം നശിക്കുകയാണ്.

മലയാളം, തമിഴ്, കന്നട തുടങ്ങി വിവിധ ഭാഷകളിലെ നൂറുകണക്കിന് സിനിമകൾക്ക് പശ്ചാത്തലമായ ഇവിടെ കഴിഞ്ഞ ഏതാനും മാസങ്ങളായി നടന്ന ചിത്രീകരണങ്ങളുടെ അവശിഷ്ടങ്ങളാണ് പ്രധാനമായും കുന്നുകൂടിയിരിക്കുന്നത്.
മൂവാറ്റുപുഴ വാലി ഇറിഗേഷൻ പ്രൊജക്ടിന് (എം.വി.ഐ.പി) കീഴിലുള്ള മലങ്കര ജലാശയം തൊടുപുഴ, മൂവാറ്റുപുഴ ഭാഗങ്ങളിലെ ലക്ഷക്കണക്കിന് ആളുകളുടെ പ്രധാന കുടിവെള്ള സ്രോതസ്സാണ്. എന്നാൽ ചിത്രീകരണത്തിന് ഉപയോഗിച്ച ആസ്ബസ്റ്റോസ്, സിമന്റ്, തെർമോകോൾ, ജിപ്സം, പ്ലാസ്റ്റിക്, ഇരുമ്പ് തുടങ്ങിയ ടൺ കണക്കിന് മാലിന്യങ്ങളാണ് തീരത്ത് ഉപേക്ഷിക്കപ്പെട്ടിരിക്കുന്നത്. ഇതിൽ ഒരു ഭാഗം നേരത്തെ കത്തിച്ചതായും പരാതിയുണ്ട്. ബാക്കിയുള്ള മാലിന്യങ്ങൾ ജലാശയത്തിലേക്ക് ഒഴുകിപ്പരക്കുന്നത് കുടിവെള്ള പദ്ധതികളെയും ബാധിക്കുമെന്ന ആശങ്കയിലാണ് നാട്ടുകാർ.
സ്ഥലം പഞ്ചായത്തിന്റെ നേരിട്ടുള്ള ഉടമസ്ഥതയിലല്ലാത്തതിനാൽ ഇടപെടുന്നതിന് പരിമിതിയുണ്ടെന്ന് കുടയത്തൂർ പഞ്ചായത്ത് പ്രസിഡന്റ് പുഷ്പ വിജയൻ പറഞ്ഞു. എങ്കിലും മാലിന്യം അടിയന്തരമായി നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് എം.വി.ഐ.പിക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും അവർ വ്യക്തമാക്കി.

സിനിമാ ചിത്രീകരണത്തിന് ഭൂമി വിട്ടുനൽകുമ്പോൾ കൃത്യമായ നിബന്ധനകളോടെയുള്ള കരാറുകൾ ഉണ്ടാക്കാത്തതാണ് ഇത്തരം പ്രതിസന്ധികൾക്ക് കാരണമെന്ന് പൊതുപ്രവർത്തകനായ ശശി ബി മറ്റം ചൂണ്ടിക്കാട്ടി. മാലിന്യ സംസ്കരണം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ സർക്കാർ വകുപ്പുകളുടെ ഏകോപിതമായ നടപടി വേണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം. മാലിന്യക്കൂമ്പാരങ്ങൾ നീക്കി ജലാശയത്തിന്റെ സ്വാഭാവിക ഭംഗി നിലനിർത്താൻ അധികൃതർ ഉടൻ ഇടപെട്ടില്ലെങ്കിൽ ശക്തമായ പ്രതിഷേധത്തിനൊരുങ്ങുകയാണ് ജനങ്ങൾ.
