തൊടുപുഴ: ഡി.എസ്.എം ചെയർമാനും നീതിയുടെ രാഷ്ട്രീയം ഉയർത്തിപ്പിടിച്ച് പാർശ്വവൽകൃത സമൂഹങ്ങളുടെയും തൊഴിലാളി വിഭാഗങ്ങളുടെയും അവകാശങ്ങൾക്കു വേണ്ടി നിരന്തര പോരാട്ടങ്ങൾക്ക് നേതൃത്വം നൽകുകയും സാമൂഹ്യ ജനാധിപത്യത്തിലധിഷ്‌ഠിതമായ നവ ജനാധിപത്യ രാഷ്ട്രീയത്തിന്റെ വക്താവുമായ സണ്ണി എം കപിക്കാടിന് വൈക്കം നിയോജക മണ്ഡലത്തിൽ സ്ഥാനാർത്ഥിത്വം നൽകിയാൽ എല്ലാ മണ്ഡലങ്ങളിലും യു.ഡി.എഫിന് പിന്തുണ നൽകാൻ ദലിത് സമുദായ മുന്നണി ഇടുക്കി ജില്ലാ കമ്മറ്റി തീരുമാനിച്ചു. ജില്ലയിലെ ഇതര സാമൂഹ്യ സാംസ്‌കാരിക സംഘടനകളുടെയും പ്രതികരണ പ്രസ്ഥാനങ്ങളു ടെയും പിന്തുണ ഉറപ്പാക്കാനുള്ള പ്രവർത്തനങ്ങൾ ഏറ്റെടുക്കും. ശബ്ദമില്ലാത്തവരുടെ ശബ്ദമാകാനും മാനവികതയിലധിഷ്ഠിതമായും ദുർബ്ബല വിഭാഗങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനുമുള്ള വികസന കാഴ്ചപ്പാടുകൾ സഭയിലുന്നയിക്കുവാനും കഴിയുന്നയാളാണദ്ദേഹമെന്നും അദ്ദേഹത്തിന്റെ സാന്നിദ്ധ്യം കേരള നിയമ സഭയ്ക്ക് മുതൽ കൂട്ടാകുമെന്നും, യോഗം വിലയിരുത്തി. ജില്ലാ പ്രസിഡൻ്റ് ജോർജ്ജ് സേവ്യർ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി കെ.എം. സാബു, ജില്ലാ സെക്രട്ടറി കെ. സുനീഷ്, ജോയിൻ്റ് സെക്രട്ടറിമാരായ കെ.കെ മനോജ്, സുരേഷ് എം.സി, ഗീത റ്റി.എൻ തുടങ്ങിയവർ സംസാരിച്ചു.
