VBC NEWS THODUPUZHA

neyyasserykaran@gmail.com

98471 41115

തിരഞ്ഞെടുപ്പിന് ഇടുക്കി ജില്ല സജ്ജമായി; ജില്ലാ കളക്ടര്‍

ഇടുക്കി: തിരഞ്ഞെടുപ്പിന് ഇടുക്കി ജില്ല സജ്ജമാണെന്ന് ജില്ല തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കളക്ടര്‍ ഡോ. ദിനേശന്‍ ചെറുവാട്ട് അറിയിച്ചു. സുതാര്യവും നീതിപൂര്‍വ്വവുമായ തിരഞ്ഞെടുപ്പ് ഉറപ്പാക്കാനുളള എല്ലാ നടപടികളും സ്വീകരിച്ചു വരുന്നു.

ഏപ്രില്‍ 9 വ്യാഴം രാവിലെ 7 മുതല്‍ വൈകിട്ട് 6 മണി വരെയാണ് വോട്ടെടുപ്പ് സമയം. നിലവില്‍ ആകെ 8,03,701 വോട്ടര്‍മാരുണ്ട്. ഇതില്‍ 4,06,891 സ്ത്രീകളും 3,96,802 പുരുഷന്‍മാരും 8 ട്രാന്‍സ്‌ജെന്‍ഡറും ഉള്‍പ്പെടുന്നു. വോട്ടര്‍മാരില്‍ 50.62 ശതമാനം സത്രീകളും 49.37 ശതമാനം പുരുഷന്‍മാരുമാണ്. ജില്ലയില്‍ ആകെ 1076 പോളിംഗ് സ്റ്റേഷനുകളാണുളളത്.

തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്നതിനും സമ്മതിദാനവകാശം ഉറപ്പു വരുത്തുന്നതിനും തിരഞ്ഞെടുപ്പ് കമ്മീഷന്‍ പൊതുനിരീക്ഷകര്‍, ചെലവ് നിരീക്ഷകര്‍, പൊലീസ് നിരീക്ഷകന്‍ എന്നിവരെ നിയോഗിച്ചിട്ടുണ്ട്. പൂര്‍ണ്ണമായും ഹരിതചട്ടം പാലിച്ചാണ് തിരഞ്ഞെടുപ്പ് നടക്കുക. ജനാധിപത്യ പ്രക്രിയയില്‍ എല്ലാ വിഭാഗം ജനങ്ങളും പങ്കാളികളായി ജില്ലയിലെ വോട്ടിംഗ് ശതമാനം മികച്ച നിലയില്‍ എത്തിക്കണമെന്ന് കളക്ടര്‍ പറഞ്ഞു.

ജില്ലയില്‍ 3 വോട്ടെണ്ണല്‍ കേന്ദ്രങ്ങളാണുള്ളത്. തൊടുപുഴ, ഇടുക്കി, ഉടുമ്പന്‍ചോല മണ്ഡലങ്ങളിലെ വോട്ടെണ്ണല്‍ ഇടുക്കി, പൈനാവ് എം ആര്‍. എസ് സ്‌കൂളിലും ദേവികുളം മണ്ഡലത്തിന്റെ വോട്ടെണ്ണല്‍ മൂന്നാര്‍ ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളിലും പീരുമേടിലേത് മരിയഗിരി ഇംഗ്ലീഷ് മീഡിയം സ്‌കൂളിലും നടക്കും.

Leave a Comment

Your email address will not be published. Required fields are marked *