VBC NEWS THODUPUZHA

neyyasserykaran@gmail.com

98471 41115

ക്ഷേത്ര പരിസരങ്ങൾ ഹരിതാഭമാക്കുന്നതിനുള്ള ദേവാരണ്യം പദ്ധതിക്ക് പരിസ്ഥിതി ദിനത്തിൽ തുടക്കം കുറിക്കും

തിരുവനന്തപുരം: ദേവസ്വം ബോർഡ് ക്ഷേത്രങ്ങളുടെ പരിസരം ഹരിതാഭമാക്കാൻ പദ്ധതിയുമായി സംസ്ഥാന സർക്കാർ. ‘ദേവാരണ്യം’ എന്ന പേരിലുള്ള പദ്ധതിക്ക് പരിസ്ഥിതി ദിനമായ ജൂൺ അഞ്ചിന് ദേവസ്വം വകുപ്പ് തുടക്കമിടും. വിവിധ ദേവസ്വം ബോർഡുകളുടെയും ക്ഷേത്രോപദേശക സമിതികളുടെയും വനംവകുപ്പിൻറെയും ഭക്തജനങ്ങളുടെയും സഹകരണത്തോടെയാകും പദ്ധതി നടപ്പാക്കുക. തിരുവിതാംകൂർ, കൊച്ചി, മലബാർ, ഗുരുവായൂർ, കൂടൽമാണിക്യം ദേവസ്വങ്ങൾക്ക് കീഴിലെ 3087 ക്ഷേത്രങ്ങളിലും ‘ദേവാരണ്യം’ നടപ്പിലാക്കും. ക്ഷേത്രപരിസരങ്ങളിൽ ഒരുവർഷം കൊണ്ട് ഒരു ലക്ഷം തൈകൾ വച്ചുപിടിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. തെച്ചി, അരളി തുടങ്ങിയ ചെടികൾ നട്ട് പരിപാലിക്കും. അരയാൽ, പേരാൽ, അത്തി, ഇത്തി, കൂവളം എന്നിവയും ഔഷധസസ്യങ്ങളും വളർത്തും.

കാവുകളുടെ സംരക്ഷണവും ഉറപ്പുവരുത്തും. പദ്ധതിയുടെ വിജയകരമായ നടത്തിപ്പിന് സാമൂഹിക വനവത്കരണ വിഭാഗത്തിൻറെ പങ്കാളിത്തം ഉറപ്പാക്കും. പരിസ്ഥിതി സംരക്ഷണത്തിനൊപ്പം ദേവസ്വങ്ങൾക്ക് ഭാവിയിൽ പദ്ധതി മുതൽക്കൂട്ടാകുമെന്നാണ് സർക്കാരിൻറെ വിലയിരുത്തൽ. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ജൂൺ അഞ്ചിന് രാവിലെ എട്ടിന് തിരുവനന്തപുരം അമ്പലമുക്ക് പേരൂർ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ ദേവസ്വം മന്ത്രി കെ മുരളീധരൻ നിർവഹിക്കും.

പദ്ധതിയുമായി ബന്ധപ്പെട്ട് മന്ത്രിയുടെ അധ്യക്ഷതയിൽ ഉന്നതതല യോഗം ചേർന്നു. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻറ് കെ ജയകുമാർ, കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡൻറ് കെ രവീന്ദ്രൻ, ഗുരുവായൂർ ദേവസ്വം ബോർഡ് ചെയർമാൻ എ.വി ഗോപിനാഥ്, കൂടൽമാണിക്യം ദേവസ്വം ബോർഡ് ചെയർമാൻ സി.കെ ഗോപി, റവന്യു ദേവസ്വം സെക്രട്ടറി എം.ജി രാജമാണിക്യം, ദേവസ്വം കമ്മിഷണർമാരായ ബി സുനിൽകുമാർ, റ്റി.സി ബിജു, എസ്.ആർ ഉദയകുമാർ, അഡീഷനൽ സെക്രട്ടറി കെ. ജയപാൽ, കൂടൽമാണിക്യം അഡ്മിനിസ്ട്രേറ്റർ ജി.എസ് രാധ എന്നിവർ പങ്കെടുത്തു.

Leave a Comment

Your email address will not be published. Required fields are marked *