തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയുമായി മുന്നോട്ടുപോകാമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്റ്ററുടെ റിപ്പോർട്ട്. ഇതിനായി വിദ്യാഭ്യാസ നയം മാറ്റേണ്ടി വരില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര നിബന്ധനകളിലെ എസ്എസ്കെ ഫണ്ട് സംസ്ഥാനത്തിന് അനിവാര്യമാണ്, പദ്ധതിയുമായി മുന്നോട്ട് പോയില്ലെങ്കിൽ ഈ ഫണ്ടുകൾ ലഭ്യമാകില്ലെന്നും റിപ്പോർട്ടിൽ പരാമർശിക്കുന്നു. പൊതുവിദ്യാഭ്യാസ ഡയറക്ടർ വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീന് നൽകിയ റിപ്പോർട്ടിലാണ് ഇക്കാര്യങ്ങളുള്ളത്. പൊതു വിദ്യാഭ്യാസ ഡയറക്റ്റർ നൽകിയ റിപ്പോർട്ടിൽ അന്തിമ തീരുമാനമെടുക്കുന്നത് സംസ്ഥാന സർക്കാരാണ്. പിഎംശ്രീ വിഷയത്തിൽ പെട്ടെന്ന് തീരുമാനം എടുക്കാൻ സാധിക്കില്ലെന്നും വിദഗ്ധരുമായുള്ള ചർച്ചകൾ ഉൾപ്പെടെ അനിവാര്യമാണെന്നും വിദ്യാഭ്യാസവകുപ്പ് മന്ത്രി എൻ. ഷംസുദ്ദീൻ പറഞ്ഞു. സാമ്പത്തിക കാര്യങ്ങൾ ഉൾപ്പെടെയുള്ള റിപ്പോർട്ടുകൾ പരിഗണിച്ച് അന്തിമ തീരുമാനം എടുക്കുമെന്നാണ് മന്ത്രി പറയുന്നത്.
