
തൊടുപുഴ: കെഎസ്ആർടിസിയിൽ കേരള സർക്കാരിന്റെ പ്രിയദർശിനി പദ്ധതിയുമായി ബന്ധപ്പെട്ട് സ്ത്രീകൾക്കും ട്രാൻസ്ജെൻഡേഴ്സിനും ഉള്ള സൗജന്യ യാത്രയുടെ ജില്ലാതല ഉദ്ഘാടനം നിയമസഭ ചീഫ് വിപ്പ് അപു ജോൺ ജോസഫ് എം.എൽ.എ നിർവഹിച്ചു. ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ പാലിക്കാൻ ആർജവവും കരുത്തും ഇച്ഛാശക്തിയുമുള്ള സർക്കാരാണിതെന്ന് അദ്ദേഹം പറഞ്ഞു. പുതിയ വികസന പാതയിലുടെ പുതുയുഗത്തിലേക്ക് കേരളത്തെ നയിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. അഡ്വ. ഡീൻ കുര്യാക്കോസ് എം.പി മുഖ്യ പ്രഭാഷണം നടത്തി. ഒരു സർക്കാരും നടപ്പാക്കാൻ ധൈര്യം കാട്ടാത്ത വിപ്ലവകരമായ പദ്ധതിയാണിതെന്ന് അദ്ദേഹം പറഞ്ഞു. തൊടുപുഴ നഗരസഭ ചെയർപേഴ്സൺ സാബിറ ജലീൽ അധ്യക്ഷത വഹിച്ചു. ഇടുക്കി ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ഷീല സ്റ്റീഫൻ, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികളായ സി.പി മാത്യു, ഷുക്കൂർ, കെ സുരേഷ് ബാബു, എം.ജെ ജേക്കബ്, കെഎസ്ആർടിസി തൊടുപുഴ യൂണിറ്റ് ഓഫീസർ എം.ജി രാജീവ്, ജനറൽ കൺട്രോളിങ്ങ് ഇൻസ്പെക്ടർ ഇ.ആർ പ്രസന്നകുമാർ, വിവിധ ട്രേഡ് യൂണിയൻ നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.
