VBC NEWS THODUPUZHA

neyyasserykaran@gmail.com

98471 41115

ചെയ്തതിലും പ്രധാനം ചെയ്യാത്തത്; റ്റി.സി.മാത്യു

റ്റി.സി.മാത്യു എഴുതുന്നു

വരവ് കുറവ്. ആവശ്യങ്ങൾ കൂടുതൽ. കമ്മിക്കു പരിധി ഉണ്ട്. ഈ വിഷമവൃത്തത്തിൽ നിന്നുകൊണ്ടു പരമാവധി ചെയ്യാൻ മുഖ്യമന്ത്രി വി.ഡി സതീശൻ ശ്രമിച്ചു.

ബജറ്റിൽ ചെയ്തതിനേക്കാൾ പ്രധാനപ്പെട്ടത് ചെയ്യാത്ത കാര്യങ്ങളാണ്. ഒന്ന്. സാമ്പത്തിക പ്രതിസന്ധിയിൽ വലയുമ്പോൾ വലിയ അധികച്ചെലവുള്ള ഒന്നും പ്രഖ്യാപിച്ചില്ല. ശമ്പള പരിഷ്‌കാരവും കോളജ് വിദ്യാർഥിനികൾക്കുള്ള 1000 രൂപ സ്കോളർഷിപ്പും മുതൽ ജില്ല, താലൂക്ക് രൂപീകരണങ്ങൾ വരെ അതിൽ പെടുന്നു. രണ്ട്. കന്നിബജറ്റിൽ വിവാദങ്ങൾക്ക് ഇടം നൽകിയില്ല. പെൻഷൻപ്രായം കൂട്ടൽ മുതൽ സ്വകാര്യവൽക്കരണം വരെ വിവാദവിഷയങ്ങൾ പലതുണ്ടായിരുന്നു. തൽക്കാലം അവ പുറത്തെടുത്തില്ല. മൂന്ന്. വരുമാനം കൂട്ടാനുള്ള പതിവു വർധനകൾ (ഭൂനികുതി കൂട്ടൽ, ഭൂമിയുടെ ന്യായവില ഉയർത്തൽ, വാഹനനികുതി വർധിപ്പിക്കൽ തുടങ്ങിയവ) നടത്തിയില്ല.

കേരളത്തിൻ്റെ ദീർഘമായ സമുദ്രാതിർത്തിയും തുറമുഖങ്ങളും ഉപയോഗിച്ച് ഒരു സമുദ്രാധിഷ്ഠിത സമ്പദ്ഘടന രൂപപ്പെടുത്തുന്നത് വലിയ ആവേശത്തോടെ അദ്ദേഹം അവതരിപ്പിച്ചു. 400 കോടി രൂപ നീക്കിവച്ച് അതിനോടുള്ള പ്രതിബദ്ധതയും കാണിച്ചു. കുറേ ഗൃഹപാഠം ചെയ്തിട്ടാണു സതീശൻ അതു ചെയ്തത് എന്നു കാണാം. സർക്കാർ നിക്ഷേപത്തേക്കാൾ സ്വകാര്യ നിക്ഷേപമാകും ഈ ബൃഹദ് പദ്ധതിയെ മുന്നോട്ടു നയിക്കുക.

യുവാക്കളെ ഇവിടെ പിടിച്ചുനിർത്താനും അവർക്കു മികച്ച തൊഴിൽ ഉറപ്പാക്കാനും ഉന്നതവിദ്യാഭ്യാസ കേന്ദ്രമായി കേരളത്തെ മാറ്റാനും കുറേ സ്‌കീമുകൾ ധനമന്ത്രി കൂടിയായ മുഖ്യമന്ത്രി അവതരിപ്പിച്ചു. അവിടെയും മുഖ്യമായ മൂലധനനിക്ഷേപം സ്വകാര്യ മേഖലയിൽ നിന്നു വരണം.

സ്വകാര്യ ബസ് വ്യവസായത്തിന് ആവശ്യമായ ആശ്വാസം നികുതിയിളവ് വഴി നൽകി. വാഹന നികുതിയിൽ പ്രഖ്യാപിച്ച മറ്റു കുറവുകളും മാറ്റങ്ങളും സംസ്ഥാനത്തു വാഹനരജിസ്ട്രേഷനും വരുമാനവും വർധിക്കാൻ സഹായിക്കും.

Leave a Comment

Your email address will not be published. Required fields are marked *