VBC NEWS THODUPUZHA

neyyasserykaran@gmail.com

98471 41115

തമിഴ്‌നാട്ടിൽ കനത്ത മഴ; ചെന്നൈയിലും വടക്കൻ ജില്ലകളിലും സ്കൂളുകൾക്ക് അവധി

ചെന്നൈ: തമിഴ്‌നാട്ടിലെ ചെന്നൈയിലും വടക്കൻ ജില്ലകളിലും കനത്ത മഴ. മഴയെ തുടർന്ന് ചെന്നൈ, തിരുവള്ളൂർ, കാഞ്ചീപുരം, ചെങ്കൽപട്ട് ജില്ലകളിലെ സ്കൂളുകൾക്ക് ബുധനാഴ്ച അവധി പ്രഖ്യാപിച്ചു. വടക്കുകിഴക്കൻ കാലവർഷം ശക്തമായതോടെ ചൊവ്വാഴ്ച വൈകുന്നേരം മുതൽ ചെന്നൈയിലും സമീപ ജില്ലകളിലും മഴ തുടരുകയാണ്.
അടുത്ത 48 മണിക്കൂറിനുള്ളിൽ കൂടുതൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. തമിഴ്‌നാട് തീരത്തിന് സമീപം തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ബുധനാഴ്ച ന്യൂനമർദം രൂപപ്പെടാൻ സാധ്യതയുണ്ടെന്ന് പ്രാദേശിക കാലാവസ്ഥാ കേന്ദ്രത്തിന്‍റെ ഏറ്റവും പുതിയ ബുള്ളറ്റിനിൽ അറിയിച്ചു.

ചൊവ്വാഴ്ച വടക്കൻ തമിഴ്‌നാട് തീരത്തിന് സമീപം തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ചുഴലിക്കാറ്റ് നിലവിൽ തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും തമിഴ്‌നാട് തീരത്തോട് ചേർന്ന പ്രദേശത്തിനും മുകളിലാണ്. ഇതിന്‍റെ സ്വാധീനത്തിൽ അടുത്ത 24 മണിക്കൂറിനുള്ളിൽ അതേ മേഖലയിൽ ന്യൂനമർദം രൂപപ്പെടാൻ സാധ്യതയുണ്ട്.

ചെന്നൈ, തിരുവള്ളൂർ, ചെങ്കൽപട്ട്, കടലൂർ, വില്ലുപുരം, തഞ്ചാവൂർ, തിരുവാരൂർ, നാഗപട്ടണം, മയിലാടുതുറൈ, രാമനാഥപുരം ജില്ലകളിലെ ഒറ്റപ്പെട്ട സ്ഥലങ്ങളിലും പുതുച്ചേരി, കാരയ്ക്കൽ മേഖലകളിലും ശക്തമായതോ അതിശക്തമായതോ ആയ മഴ ലഭിക്കാനിടയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

വടക്കുകിഴക്കൻ കാലവർഷം മുന്നിൽക്കണ്ട് ചെന്നൈ കോർപ്പറേഷൻ പരിധിയിലെ റോഡുകളുടെ അറ്റകുറ്റപ്പണികൾ പുരോഗമിക്കുകയാണ്. മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌യുടെ നിർദേശപ്രകാരം 21.80 കോടി രൂപ ചെലവിലാണ് റോഡ് അറ്റകുറ്റപ്പണികൾ നടത്തുന്നതെന്ന് ഔദ്യോഗിക വാർത്താക്കുറിപ്പിൽ അറിയിച്ചു. കോർപ്പറേഷന്‍റെ 1 മുതൽ 15 വരെയുള്ള സോണുകളിലാണ് അറ്റകുറ്റപ്പണികൾ നടത്തുന്നത്.

Leave a Comment

Your email address will not be published. Required fields are marked *