VBC NEWS THODUPUZHA

neyyasserykaran@gmail.com

98471 41115

Latest News >>

Lastest News >>

ലൈസൻസ് വിലക്കും; 17കാരനെ കാത്തിരിക്കുന്നത് നിരവധി കുരുക്കുകൾ

കൊച്ചി: വപതിനേഴുകാരൻ രാത്രിയിൽ പായിച്ച ബൻസ് കാർ ഇടിച്ച് ഒരാൾ മരിക്കാൻ ഇടയായ സംഭവത്തിൽ പതിനേഴുകാരനെ കാത്തിരിക്കുന്നത് നിരവധി കുരുക്കുകൾ. നരഹത്യക്കേസ്, ലൈസൻസ് ഇല്ലാതെ വാഹനമോടിച്ചു, റീൽസ് പകർത്താൻ അമിതവേഗത്തിൽ വാഹനമോടിച്ചു, അപകടമുണ്ടാക്കിയിട്ടും നിർത്താതെ പോയി… എന്നിങ്ങനെ നിരവധി വകുപ്പുകളാണ് വിദ്യാർഥിക്കെതിരേ ചുമത്തുന്നത്. അമിതവേഗത്തിൽ വാഹനമോടിക്കുന്നതിന്‍റെ ദൃശ്യങ്ങൾ പതിനേഴുകാരൻ തന്നെ തന്‍റെ മൊബൈൽ ഫോണിൽ പകർത്തിയിട്ടുള്ളതിനാൽ അതു പോലീസിനു തെളിവായി മാറുകയും ചെയ്യും.നിലവിൽ ജാമ്യത്തിലാണെങ്കിലും ക്രൈംബ്രാഞ്ച് കേസ് ഏറ്റെടുത്തതോടെ കൂടുതൽ വകുപ്പുകൾ ചുമത്തി ജാമ്യം റദ്ദാക്കാനുള്ള നീക്കം തുടങ്ങി. ഇതിനായി എറണാകുളം സെഷൻസ് കോടതിയിൽ പോലീസ് അപേക്ഷ നൽകിയിട്ടുണ്ട്. നരഹത്യക്കേസും നൂലാമാലകളും കൂടാതെ ഇയാൾ ലൈസൻസ് എടുക്കുന്നതു തടയാനുള്ള നീക്കം മോട്ടോർ വാഹനവകുപ്പ് തുടങ്ങിയിട്ടുണ്ട്. മോട്ടോർ വെഹിക്കിൾ ആക്ട് പ്രകാരം 25 വയസുവരെ ലൈസൻസ് എടുക്കുന്നതു വിലക്കാനാണ് നടപടി.പതിനേഴുകാരൻ അപകടമുണ്ടാക്കിയ സമയത്ത് മദ്യം ഉപയോഗിച്ചിരുന്നതായി കണ്ടെത്താനായിട്ടില്ല. അതേസമയം, ഇയാളുടെ രക്തസാമ്പിൾ ശേഖരിച്ചിട്ടുണ്ട്. മറ്റേതെങ്കിലും ലഹരിവസ്തുക്കൾ ഉപയോഗിച്ചിരുന്നോ എന്നു പരിശോധിക്കാനാണ് രക്തസാമ്പിൾ ശേഖരിച്ചത്. അങ്ങനെ എന്തെങ്കിലും കണ്ടെത്തിയാൽ ആ വകുപ്പുകൾ കൂടി ചുമത്തും. അപകടമുണ്ടാക്കിയ ബെൻസ് കാറിന്‍റെ ആർസി സസ്പെൻഡ് ചെയ്യാൻ തീരുമാനമായിട്ടുണ്ട്. ഇതിനിടെ, കാറിന്‍റെ ഉടമയും പതിനേഴുകാരന്‍റെ പിതാവുമായ ജഡ്ജിയെ പോലീസ് ചോദ്യംചെയ്തു. ആലുവ കമ്പനിപ്പടിയിലുള്ള ഫ്ളാറ്റിൽ എത്തിയാണ് ചോദ്യംചെയ്തത്. മകൻ കാറുമായി പുറത്തേക്കു പോയത് താൻ അറിഞ്ഞില്ല എന്നാണ് ജഡ്ജി മൊഴി നൽകിയിരിക്കുന്നത്. അതേസമയം, പതിനേഴുകാരൻ പലപ്പോഴും ഇങ്ങനെ കാറുമായി കറങ്ങിയിരുന്നുവെന്ന ആരോപണവും ഉയർന്നിട്ടുണ്ട്. അതു പോലീസിനു തെളിയിക്കാനായാൽ മാതാപിതാക്കൾ കൂടുതൽ വെട്ടിലാകും.

Leave a Comment

Your email address will not be published. Required fields are marked *