ഇടുക്കി: മരം വെട്ടി കടത്തിയത് വനം വകുപ്പിനെ അറിയിച്ചു എന്ന് ആരോപിച്ച് ഇടുക്കിയിൽ യുവാവിനെ സംഘം ചേർന്ന് ആക്രമിച്ചതായി പരാതി. ശാന്തൻപാറ പേതൊട്ടി സ്വദേശിയായ വാഴേപറമ്പിൽ വിനീഷിനാണ് മർദ്ദനം ഏറ്റത്. ഇയാൾ നെടുംകണ്ടം താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. പേതൊട്ടിയിലെ കൃഷിയിടത്തിൽ നിന്നും ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെ വാഹനം തടഞ്ഞു നിർത്തി ഒരു സംഘം ആളുകൾ മർദിയ്ക്കുകയായിരുന്നു. വാഹനത്തിൽ നിന്നും പിടിച്ചിറക്കി കമ്പി വടിയും കാപ്പി വടിയും ഉപയോഗിച്ച് മർദ്ധിച്ചു. മേഖലയിലെ സി എച്ച് ആർ ഭൂമിയിൽ നിന്ന് കഴിഞ്ഞയിടെ മരം വെട്ടി കടത്തിയത് വനം വകുപ്പ് കണ്ടെത്തിയിരുന്നു. വിവരം വനം വകുപ്പിനെയും പോലീസിനെയും അറിയിച്ചത് വിനീഷ് ആണെന്ന് ആരോപിച്ചായിരുന്നു ആക്രമണം. സംഭവത്തിൽ വിനീഷ് ശാന്തൻപാറ പോലീസിൽ പരാതി നൽകി.
