VBC NEWS THODUPUZHA

neyyasserykaran@gmail.com

98471 41115

മയിലുകുഴിയിൽ പരുക്കുകളോടെ നിലയുറപ്പിച്ചിരുന്ന കാട്ടാനയെ വനം വകുപ്പ് മയക്കു വെടി വെച്ചു പിടികൂടി ചികിത്സ നൽകി വിട്ടയച്ചു

കാലടി: കാലടി റേഞ്ച് കണ്ണിമംഗലം സ്റ്റേഷൻ പരിധിയിൽ വരുന്ന കമ്പിപ്പടി ജനവാസമേഖലയോട് ചേർന്ന് കിടക്കുന്ന മയിലുകുഴിയിൽ പരുക്കുകളോടെ നിലയുറപ്പിച്ചിരുന്ന കാട്ടാനയെ വനം വകുപ്പ് മയക്കു വെടി വെച്ചു പിടികൂടി ചികിത്സ നൽകി വിട്ടയച്ചു. കഴിഞ്ഞ മാസം 19ന് അതിരപ്പള്ളി റേഞ്ചിനു കീഴിൽ പിൻ കാലിനു പരുക്കേറ്റ ഈ ആനയെ പിടികൂടി ചികിത്സ നൽകിയിരുന്നു. പിന്നീട് കാലടി റേഞ്ച് പരിധിയിലേക്ക് നീങ്ങിയ ഈ ആനയെ ദിവസവും മരുന്ന് നൽകി ചികിത്സ നൽകി വരുകയായിരുന്നു.

എന്നാൽ പഴുപ്പ് കാലിൽ കെട്ടിക്കിടന്ന് നീർ വീഴ്ച്ച മൂലം ആനയ്ക്ക് നടക്കുവാൻ പ്രയാസമനുഭവപ്പെട്ടതിനെത്തുടർന്നു പ്രത്യേക ടീമിനെ വച്ച് മരുന്നുകൾ ആഹാരത്തിൽ കലർത്തി നൽകാൻ ശ്രമിച്ചെങ്കിലും വിജയകരമായില്ല. അതിനെത്തുടർന്നും ആരോഗ്യം മുൻനിർത്തിയും ആനയെ ഒരു വട്ടം കൂടി മയക്കുവെടി വച്ച് പിടിച്ചു ചികിത്സ നൽകണമെന്ന് വിദഗ്ധ പാനൽ കമ്മിറ്റി റിപ്പോർട്ട്‌ നൽകിയതിന്‍റെ അടിസ്ഥാനത്തിലും ചീഫ് വൈൽഡ് ലൈഫ് വാർഡൻ പ്രമോദ് ജി കൃഷ്ണന്‍റെ അനുമതിയോടെ സെന്‍റർ സർക്കിൾ സിസിഎഫ് ആടലശൻ, മലയാറ്റൂർ ഡിഎഫ്ഒ കാർത്തിക് പി., വാഴച്ചാൽ ഡിഎഫ്ഒ ശ്രീ സുരേഷ് ബാബു എന്നിവരുടെ നേതൃത്വത്തിൽ ചീഫ് ഫോറെസ്റ്റ് വെറ്റിനറി സർജൻ ഡോക്ടർ അരുൺ സക്കറിയയുമായി ചർച്ച ചെയ്തു രൂപീകരിച്ച നാലു പേരടങ്ങിയ വിദഗ്ധ ഡോക്ടർ മാരുടെ ( 3 AFVO s+ one Veterinary Surgeon) പാനൽ സംഘത്തിന്‍റെ സാന്നിധ്യത്തിലും നിരീക്ഷണ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലും കാലടി – അതിരപ്പള്ളി റേഞ്ച്കൾ സംയുക്തമായാണ് ചികിത്സ നടപടികൾ പൂർത്തീകരിച്ചത്.

എറണാകുളം ഫോറെസ്റ്റ് അസിസ്റ്റന്‍റ് വെറ്റിനറി ഓഫീസർ ഡോക്റ്റർ ബിനോയ്‌ സി. ബാബു, കാലടി റേഞ്ച് ഫോറെസ്റ്റ് ഓഫീസർ ലുധിഷ് ഇ.ബി, കോടനാട് റേഞ്ച് ഫോറെസ്റ്റ് ഓഫീസർ ആർ അധിഷ്, അതിരപ്പള്ളി റേഞ്ച് ഫോറെസ്റ്റ് ഓഫീസർ ജീഷ്മ, ഫോറെസ്റ്റ് അസിസ്റ്റന്‍റ് വെറ്റിനറി ഓഫീസർമാരായ ശ്രീ ഓ വി മിഥുൻ, മിഥുൻ നീലങ്കാവിൽ, ഡോ.സിറിൽ അലോഷ്യസ്, കണ്ണിമംഗലം, കാരക്കാട്, എവർഗ്രീൻ, എഴാറ്റുമുഖം, അതിരപ്പിളളി, പെരുന്തോട് സ്റ്റേഷനുകളിലെ ജീവനക്കാർ, കോടനാട് ആർആർടി സംഘം, വാച്ചർമാർ തുടങ്ങി വിവിധ ഫോറെസ്റ്റ് സ്റ്റേഷൻകളിലെ നൂറോളം വന ഉദ്യഗസ്ഥരുടെ നേതൃത്വത്തിൽ ആണ് ഈ റെസ്ക്യൂ ഓപ്പറേഷൻ സംഘടിപ്പിച്ചത്. രാവിലെ 8.56 മണിയോടെ ഈ ആനയെ മയക്കുവെടി വച്ചു പിടികൂടി മുറിവ് വൃത്തിയാക്കിയും മതിയായ ചികിത്സ നൽകിയും ചെയ്തു. തുടർന്ന് കാട്ടിൽത്തന്നെ സ്വതന്ത്രമാക്കി വിട്ട് ശേഷം തുടർ നിരീക്ഷണം നടത്തിവരികയുമാണ്. നിരീക്ഷണത്തിൽ ഇന്നേ ദിവസം ആന യഥാവിധി ഭക്ഷണം എടുക്കുന്നതായും സഞ്ചാരം നടത്തുന്നതായും ബോധ്യപ്പെട്ടിട്ടുണ്ട്. കൂടാതെ ടി. കാട്ടാനയെ മേൽ സംഘത്തെ വച്ചു തന്നെ അടുത്ത ദിവസങ്ങളിലും നിരീക്ഷണം നടത്തി ആരോഗ്യസ്ഥിതി വിലയിരുത്തുവാൻ തീരുമാനിച്ചിട്ടുള്ളതാണ്.

Leave a Comment

Your email address will not be published. Required fields are marked *