തിരുവനന്തപുരം: സുപ്രധാന ആവശ്യങ്ങൾ ഉന്നയിച്ച് എട്ട് മാസത്തിലേറെയായി സെക്രട്ടേറിയറ്റിന് മുന്നിൽ സമരം ചെയ്യുന്ന ആശ വർക്കർമാർ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലേക്ക് ബുധനാഴ്ച മാർച്ച് ചെയ്യും. ഓണറേറിയം വർധന, വിരമിക്കൽ ആനുകൂല്യം തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങൾ അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് മാർച്ച്.
ഇതിനായി വിപുലമായ തയാറെടുപ്പാണ് സമരത്തിലുള്ള ആശ വർക്കർമാർ സംസ്ഥാനത്തുടനീളം നടത്തുന്നത്. ആരോഗ്യ കേന്ദ്രങ്ങളിൽ ആശമാരുടെ യോഗം, പ്രാദേശികതലത്തിൽ പോസ്റ്റർ പ്രചരണം, ജില്ലാതല പ്രചരണ റാലികൾ എന്നിവയ്ക്കൊപ്പം തദ്ദേശസ്ഥാപന അടിസ്ഥാനത്തിൽ പ്രഖ്യാപിച്ച ആയിരം പ്രതിഷേധ സദസുകളും തുടരുകയാണ്. ഓണറേറിയം 21,000 രൂപയായി വർധിപ്പിക്കുക, വിരമിക്കൽ ആനുകൂല്യം നൽകുക തുടങ്ങിയ ജീവൻ പ്രധാനങ്ങളായ ആവശ്യങ്ങൾ ഉന്നയിച്ച് കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻറെ നേതൃത്വത്തിൽ ഫെബ്രുവരി 10ന് സെക്രട്ടേറിയറ്റ് പടിക്കൽ ആരംഭിച്ച രാപകൽ സമരമാണ് എട്ടുമാസം പിന്നിട്ടും തുടരുന്നത്.
ബുധനാഴ്ച രാവിലെ 10ന് പിഎംജി ജംക്‌ഷനിൽ നിന്നാണ് മാർച്ച് ആരംഭിക്കുന്നതെന്ന് കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡൻറ് വി.കെ. സദാനന്ദൻ പറഞ്ഞു.