ഇടുക്കി: യുവതലമുറയുടെ ആരോഗ്യ സംരക്ഷണം ഉറപ്പാക്കുന്നതിനായി ആരോഗ്യവകുപ്പും പൊതു വിദ്യാഭ്യാസ വകുപ്പും സംയുക്തമായി നടപ്പിലാക്കുന്ന ‘അക്ഷരം ആരോഗ്യം’ സമഗ്ര സ്‌കൂൾ ആരോഗ്യ പദ്ധതിയ്ക്ക് ജില്ലയിൽ തുടക്കമായി. പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം തൊടുപുഴ ഡോ. എപിജെ അബ്ദുൽ കലാം ജി എച്ച്എസ്എസ് സ്‌കൂളിൽ നഗരസഭ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ മേഴ്‌സി സെബാസ്റ്റ്യൻ നിർവഹിച്ചു. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. സതീഷ് കെ.എൻ അധ്യക്ഷത വഹിച്ചു.
ഒന്ന് മുതൽ നാലാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് ഹെൽത്ത് സ്‌ക്രീനിംഗ് നടത്തുന്നതിനായുള്ള ആരോഗ്യ പരിശോധനാ കാർഡ് ഡി എം ഒ യുടെ നേതൃത്വത്തിൽ നഗരസഭ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സണ് കൈമാറി. എ പി ജെ അബ്ദുൾ കലാം ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്‌കൂൾ ഹെഡ്മിസ്ട്രസ് ജനി രാഘവൻ മുഖ്യപ്രഭാഷണം നടത്തി. ഡെപ്യൂട്ടി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ശരത് ജി റാവു സമഗ്ര സ്‌കൂൾ ആരോഗ്യ പദ്ധതി വിശദീകരിച്ചു.കുട്ടികളുടെ ശാരീരിക,മാനസിക, സാമൂഹിക ഉന്നമനം ലക്ഷ്യമിട്ട് തയ്യാറാക്കിയ ബോധവത്ക്കരണ പോസ്റ്ററുകളുടെ പ്രകാശനം ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. ഖയസ് ഇ.കെ നിർവഹിച്ചു. ജില്ലാ ആർ.സി.എച്ച് ഓഫീസർ ഡോ. സിബി ജോർജ്, വാർഡ് കൗൺസിലർ കെ. ഗോപാലകൃഷ്ണൻ, ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. അജി പി എൻ,ക്വാളിറ്റി നോഡൽ ഓഫീസർ ഡോ. അജയ് മോഹൻ, യു.പി.എച്ച്.സി പാറക്കടവ് മെഡിക്കൽ ഓഫിസർ ഡോ. അഞ്ചു, മൊബൈൽ മെഡിക്കൽ യൂണിറ്റ് തൊടുപുഴ മെഡിക്കൽ ഓഫീസറും സ്‌കൂൾ ഹെൽത്ത് പ്രോഗ്രാം ജില്ലാ റിസോഴ്‌സ് ഗ്രൂപ്പ് മെമ്പറുമായ ഡോ. അയ്യപ്പദാസ്, ഡെപ്യൂട്ടി ജില്ലാ എഡ്യൂക്കേഷൻ ആൻഡ് മീഡിയാ ഓഫീസർ ഷൈലാഭായി, ജൂണിയർ ഹെൽത്ത് ഇൻസ്‌പെക്ടർ കവിത, യുപി എച്ച് സി പാറക്കടവ് ജെ പി എച്ച് എൻ ശ്രീമതി രജനി, ആർ ബി എസ് കെ നഴ്‌സുമാർ, എംഎൽഎസ്പിമാർ, ആശമാർ , അധ്യാപകർ അനധ്യാപകർ വിദ്യാർത്ഥികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
സർക്കാർ എയ്ഡഡ് സ്‌കൂളുകളിലെ ഒന്ന് മുതൽ 12 വരെ ക്ലാസുകളിലെ കുട്ടികളെയാണ് പദ്ധതിയിൽ ഉൾപ്പെടുത്തുക. കുട്ടികൾക്ക് ആരോഗ്യ വിവരങ്ങൾ രേഖപ്പെടുത്തി ഹെൽത്ത് കാർഡ് നൽകും. ഇത് ഇലക്ട്രോണിക് ഹെൽത്ത് കാർഡായി മാറ്റി പൂർണ്ണ സ്വകാര്യതയോടെയും സുരക്ഷിതത്വത്തോടെയും ഡേറ്റ സൂക്ഷിക്കും. അടിയന്തരഘട്ടത്തിൽ ഈ ഇലക്ട്രോണിക് രേഖ കുട്ടിക്ക് സഹായകമാകും. എല്ലാ സ്‌കൂളുകളിലും ഹെൽത്ത് അസംബ്ലിയും ഹെൽത്ത് കോർണറും ഉണ്ടാകും. ഹെൽത്ത് മെന്റർമാരായി അധ്യാപകരെ തിരഞ്ഞെടുത്ത് വിദ്യാഭ്യാസ വകുപ്പുമായി ചേർന്ന് തയ്യാറാക്കിയ മോഡ്യൂൾ പ്രകാരം പരിശീലനം നൽകും. ഈ അധ്യാപകർ കുട്ടികൾക്ക് ആരോഗ്യ വിദ്യാഭ്യാസം നൽകും. വിദ്യാർത്ഥികളുടെ സജീവ പങ്കാളിത്തം ഉറപ്പാക്കാനായി ഹെൽത്ത് അംബാസഡർമാരായി എല്ലാ ക്ലാസിൽ നിന്നും ഒന്നോ രണ്ടോ കുട്ടികളെ തിരഞ്ഞെടുക്കും ഇവരിലൂടെ അധ്യാപകൻ നൽകുന്ന വിവരങ്ങൾ കൂടുതൽ സൗഹാർദ്ദപരമായി വിദ്യാർത്ഥികളുടെ ഇടയിൽ പ്രചരിപ്പിക്കും.
