ഇടുക്കി: ജില്ലയിൽ മഞ്ഞപ്പിത്തം (ഹെപ്പറ്റൈറ്റിസ് എ) കേസുകൾ റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ പൊതുജനങ്ങളും ആഹാരം കൈകാര്യം ചെയ്യുന്ന സ്ഥാപനങ്ങളും ശുചിത്വകാര്യങ്ങളിൽ അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) അറിയിച്ചു. മഞ്ഞപ്പിത്തം വ്യാപകമായ പ്രദേശങ്ങളിൽ ജില്ലാ ആരോഗ്യവിഭാഗവും പ്രാദേശിക ആരോഗ്യപ്രവർത്തകരും ശക്തമായ നടപടികൾ സ്വീകരിക്കുന്നുണ്ട്. രോഗബാധിതരിൽ നിന്നും രോഗം മറ്റുള്ളവരിലേക്ക് അതിവേഗം പകരുമെന്നതിനാൽ രോഗബാധിതരും അവരുമായി സമ്പർക്കത്തിൽ വരുന്നവരും ശുചിത്വകാര്യങ്ങളിൽ ശ്രദ്ധിക്കണം. മഞ്ഞപ്പിത്തം പോലെയുള്ള പകർച്ചവ്യാധികൾ തടയാൻ പ്രതിരോധശീലങ്ങൾ പാലിക്കുന്നതിൽ പൊതുജനങ്ങൾ അതീവജാഗ്രത പുലർത്തണം.പ്രതിരോധപ്രവർത്തനങ്ങളുടെ ഭാഗമായി സൂപ്പർക്ലോറിനേഷനും ബോധവൽക്കരണ പ്രവർത്തനങ്ങളും നടന്നു വരുന്നു. രോഗാണു ശരീരത്തിൽ പ്രവേശിച്ചാൽ രോഗലക്ഷണങ്ങൾ പ്രകടമാകാൻ 15 മുതൽ 50 ദിവസം വരെ എടുക്കാം. ആയതിനാൽ രോഗബാധയുണ്ടായ പ്രദേശങ്ങളിൽ പ്രതിരോധപ്രവർത്തനങ്ങൾ തുടരണം.
മഞ്ഞപ്പിത്തം അഥവാ ഹെപ്പറ്റൈറ്റീസ് എ കരളിനെ ബാധിക്കുന്ന രോഗമാണ്. ഹെപ്പറ്റൈറ്റീസ് എ വൈറസ് കാരണമാണ് മഞ്ഞപ്പിത്തം ഉണ്ടാകുന്നത്. മഞ്ഞ നിറത്തിലുളള ബിലിറൂബിന്റെ അംശം രക്തത്തിൽ കൂടുകയും മഞ്ഞപ്പിത്തത്തിലേയ്ക്ക് നയിക്കുകയും ചെയ്യും. പനി, ക്ഷീണം, വിശപ്പില്ലായ്മ, വയറിളക്കം, മഞ്ഞനിറത്തിലുളള മൂത്രം, ചർമ്മത്തിലും കണ്ണിലും മഞ്ഞനിറം എന്നിവയാണ് പ്രധാനലക്ഷണങ്ങൾ.
പ്രതിരോധിക്കാം
- രോഗംസ്ഥിരീകരിച്ചയാൾ/രോഗലക്ഷണങ്ങൾ ഉളളവർ മറ്റുള്ളവരുമായി അടുത്തിടപഴകുന്നത് ഒഴിവാക്കുക. രോഗം പൂർണമായും മാറും വരെ രണ്ടാഴ്ച വിശ്രമിക്കേണ്ടതാണ്.
- കഠിനമായ ശാരീരികപ്രവർത്തനങ്ങൾ ഒഴിവാക്കണം.
- രോഗബാധിതരായവർ ഭക്ഷണം പാകം ചെയ്യാതിരിക്കുക,ഭക്ഷണംപങ്കുവയ്ക്കാതിരിക്കുക.
- രോഗി ഉപയോഗിച്ച പാത്രങ്ങൾ, തുണിഎന്നിവ മറ്റുളളവർ ഉപയോഗിക്കാതിരിക്കുക.
- ഛർദി ഉണ്ടെങ്കിൽ ശൗചാലയത്തിൽ തന്നെ നിർമ്മാർജ്ജനം ചെയ്യുക.
- മഞ്ഞപ്പിത്തം മൂലമുളള പനി മാറുന്നതിനായി ഡോക്ടറുടെ നിർദ്ദേശമില്ലാതെ പാരസെറ്റമോൾ ഗുളിക കഴിക്കാതിരിക്കുക.
- കുട്ടികളുടെ മലം ശൗചാലയത്തിൽ മാത്രം സംസ്കരിക്കുക.
- മഞ്ഞപ്പിത്തം റിപ്പോർട്ട് ചെയ്യപ്പെട്ട പ്രദേശത്ത് കുടിവെളള സ്രോതസുകൾ സൂപ്പർക്ലോറിനേറ്റ് ചെയ്യുക.
- ഭക്ഷണം പാകം ചെയ്യുന്നതിനും കഴിക്കുന്നതിനും മുമ്പും മലമൂത്രവിസർജ്ജനത്തിന് ശേഷവും കൈകൾ സോപ്പുപയോഗിച്ച് 20 സെക്കന്റ് കഴുകി അണുവിമുക്തമാക്കുക.
- ഭക്ഷണപദാർത്ഥങ്ങൾ ഈച്ചയും മറ്റ് പ്രാണികളും കടക്കാത്ത വിധം മൂടിവെയ്ക്കുക.
- കുടിക്കാനും ഭക്ഷണം പാകം ചെയ്യാനും തിളപ്പിച്ചാറിയ വെള്ളം മാത്രം ഉപയോഗിക്കുക.
- തിളപ്പിച്ച വെള്ളത്തിൽ പച്ചവെള്ളം കലർത്തി ഉപയോഗിക്കരുത്.
- ജലസ്രോതസുകളിലേക്കു മാലിന്യം വലിച്ചെറിയാതിരിക്കുക.
- ഹോട്ടലുകൾ, തട്ടുകടകൾ കൂൾബാറുകൾ, എന്നിവിടങ്ങളിലെ ജലം, ജലവിതരണടാങ്കറുകൾ ഐസ് ഫാക്ടറികൾ എന്നിവിടങ്ങളിൽ നിന്നും വിതരണം ചെയ്യുന്ന വെള്ളം എന്നിവയുടെ ശുചിത്വം ഉറപ്പാക്കിയ ശേഷം ഉപയോഗിക്കുക.
കല്യാണം, സൽക്കാരം ഉൾപ്പെടെ കൂടുതൽ പേർ പങ്കെടുക്കുന്ന ചടങ്ങുകളിൽ ആണ് മിക്കപ്പോഴും രോഗം പൊട്ടിപ്പുറപ്പെടാറുള്ളത്. രോഗബാധ സ്ഥിരീകരിച്ചവർ കുടുംബത്തിലെ മറ്റ് അംഗങ്ങളിൽ നിന്ന് അകലം പാലിക്കുകയും പ്രത്യേകം പ്ലേറ്റ്, ഗ്ലാസ് എന്നിവ ഉപയോഗിക്കുകയും ചെയ്യണം. അവർക്കായി പ്രത്യേകം ശുചിമുറി മാറ്റിവെക്കണം. രോഗലക്ഷണങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഏറ്റവും അടുത്തുള്ള സർക്കാർ ആശുപത്രികളിൽ ചികിത്സതേടുക. സ്വയം ചികിത്സ അരുത്.
