VBC NEWS THODUPUZHA

neyyasserykaran@gmail.com

98471 41115

തിരുവനന്തപുരത്ത് ഇടതുമുന്നണി സ്ഥാനാർത്ഥി സുധീർ കരമന

തിരുവനന്തപുരം: തിരുവനന്തപുരം സെൻട്രൽ നിയോജകമണ്ഡലത്തിൽ എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർഥിയായി നടൻ സുധീർ കരമന മത്സരിക്കും. ജനാധിപത്യ കേരള കോൺഗ്രസ് മുൻ എംഎൽഎ ആൻറണി രാജുവിന് പകരക്കാരനായാണ് സുധീർ കരമന എത്തുന്നത്. തീരുമാനത്തിനെതിരേ ആദ്യഘട്ടത്തിൽ ജനാധിപത്യ കേരള കോൺഗ്രസ് രംഗത്ത് വന്നുവെങ്കിലും സിപിഎം നേതൃത്വം ഇടപെട്ടതോടെ തീരുമാനത്തെ അനുകൂലിക്കുകയായിരുന്നു. സുധീർ കരമനയ്ക്ക് വിജയസാധ്യതയുണ്ടെന്നാണ് മുന്നണിയുടെ വിലയിരുത്തൽ. ഇടതുമുന്നണി സ്ഥാനാർഥിയായി സുധീർ കരമന വന്നതോടെ ബിജെപി നിലവിൽ നിശ്ചയിച്ചിട്ടുള്ള കരമന ജയനെ മാറ്റി നടൻ കൃഷ്ണകുമാറിനെ സ്ഥാനാർഥിയാക്കാനാണ് നീക്കം നടത്തുന്നത്.

പ്രധാനമന്ത്രിയെ കുടുംബത്തോടൊപ്പം സന്ദർശിച്ച ചിത്രങ്ങൾ‌ അടക്കം കൃഷ്ണകുമാർ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് കൃഷ്ണകുമാറിനെ സ്ഥാനാർഥിയാക്കാനുള്ള തീരുമാനം പുറത്തുവരുന്നത്. കഴിഞ്ഞ തദ്ദേശതെരഞ്ഞെടുപ്പിൽ സിപിഎമ്മിന് വേണ്ടി സജീവമായി പ്രചാരണരംഗത്ത് ഉണ്ടായിരുന്ന വ്യക്തിയാണ് സുധീർ കരമന. അദ്ദേഹത്തിൻറെ ജനപ്രീതിയും രാഷ്ട്രീയ പശ്ചാത്തലവും മണ്ഡലത്തിൽ ഇടതുമുന്നണിക്ക് ഗുണകരമാകുമെന്നാണ് വിലയിരുത്തൽ.

നടൻ കരമന ജനാർദ്ദനൻ നായരുടെ മകനാണ് സുധീർ കരമന. സിറ്റിങ് എംഎൽഎയായിരുന്ന ആൻറണി രാജു തൊണ്ടിമുതൽ കേസിൽ ശിക്ഷിക്കപ്പെട്ടതോടെയാണ് സുധീർ കരമനയ്ക്ക് നറുക്ക് വീണത്. സിഎംപിയുടെ സിപി ജോണാണ് ഇവിടെ യുഡിഎഫ് സ്ഥാനാർത്ഥി.

Leave a Comment

Your email address will not be published. Required fields are marked *