VBC NEWS THODUPUZHA

neyyasserykaran@gmail.com

98471 41115

വി.ഡി സതീശനെ കേരള മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാന മുഖ്യമന്ത്രിയായി വി.ഡി സതീശൻ അധികാരമേൽക്കും. ദിവസങ്ങളോളമായി നീണ്ടു നിന്ന ചർച്ചകൾക്കൊടുവിലാണ് ഹൈക്കമാൻഡ് മുഖ്യമന്ത്രിയെ പ്രഖ്യാപിച്ചത്. ജയറാം രമേശ്, ദീപാദാസ് മുൻഷി, അജമയ് മാക്കൻ, മുകുൾ വാസ്നിക് എന്നിവർ ഒരുമിച്ച് നടത്തിയ വാർത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രിയെ പ്രഖ്യാപിച്ചത്. പറവൂർ മണ്ഡലത്തിൽ നിന്ന് 20600 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ചാണ് 61കാരനായ സതീശൻ മുഖ്യമന്ത്രി പദം സ്വന്തമാക്കാൻ ഒരുങ്ങുന്നത്. കെ.സി വേണുഗോപാൽ, രമേശ് ചെന്നിത്തല എന്നിവരാണ് മുഖ്യമന്ത്രി സാധ്യതാ പട്ടികയിലുണ്ടായിരുന്ന മറ്റ് രണ്ട് പേർ. സംസ്ഥാനത്തെ പൊതുവികാരം സതീശനൊപ്പമാണെന്ന് വ്യക്തമായതോടെയാണ് എംഎൽഎമാരുടെ നിർദേശത്തെ പോലെ അവഗണിച്ചു കൊണ്ട് ഹൈക്കമാൻഡ് വി.ഡി സതീശൻ എന്ന പേരിലേക്കെത്തിയത്.

102 മണ്ഡലങ്ങളിൽ വിജയിച്ചാണ് ഇത്തവണ യുഡിഎഫ് അധികാരത്തിലേറുന്നത്. കെ.സി വേണുഗോപാലിൻറെ പേരാണ് ഭൂരിഭാഗം കോൺഗ്രസ് എംഎൽഎമാരും നിർദേശിച്ചിരുന്നതെങ്കിലും സംസ്ഥാനത്തിൻറെ പൊതുവികാരം വി.ഡി. സതീശനൊപ്പമായിരുന്നു. കെപിസിസി മുൻ അധ്യക്ഷന്മാർ അടക്കമുള്ളവരെ ഡൽഹിയിലേക്ക് വിളിച്ചു നടത്തിയ ചർച്ചകൾക്കൊടുവിലാണ് ഹൈക്കമാൻഡ് സതീശനെന്ന പേരിൽ എത്തിയത്. സിറ്റിങ് എംഎൽഎ മുഖ്യമന്ത്രിയാകണമെന്ന മുസ്ലീം ലീഗിൻറെയും കേരള കോൺഗ്രസ് ജെയുടെയും നിലപാടുകൾ നിർണായകമായി. കെ.മുരളീധരൻ, വി.എം. സുധീരൻ എന്നിവരും വി.ഡി. സതീശനൊപ്പം നിന്നു. എറണാകുളം നെട്ടൂരിൽ വടശേരി ദാമോദര മേനോൻറെയും വി.വിലാസിനിയമ്മയുടെയും മകനായി 1964 മേയ് 31നാണ് ജനനം. നെട്ടൂർ എസ് വി യു പി സ്കൂളിലായിരുന്നു വിദ്യാഭ്യാസം. നിയമബിരുദം നേടിയിട്ടുണ്ട്. വിദ്യാർഥി പ്രസ്ഥാനങ്ങളിലൂടെയാണ് രാഷ്ട്രീയത്തിലേക്കെത്തിയത്.

തേവര സേക്രഡ് ഹാർട്ട് കോളെജ് ആർട് ക്ലബ് സെക്രട്ടറി, എംജി, കേരള സർവകലാശാല യൂണിയൻ കൗൺസിലർ, എംജി സർവകലാശാല യൂണിയൻ ചെയർമാൻ എന്നീ പദവികൾക്കു ശേഷം എൻഎസ് യു ദേശീയ കമ്മിറ്റി സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. 1996ൽ പറവൂരിൽ നിന്ന് ആദ്യമായി നിയമസഭയിലേക്ക് മത്സരിച്ചു. പക്ഷേ അന്ന് സിപിഐ സ്ഥാനാർഥിയായിരുന്ന പി രാജുവിനോട് പരാജയപ്പെട്ടു. പക്ഷേ പിന്നീടങ്ങോട്ട് വിജയങ്ങളാണ് അദ്ദേഹത്തെ കാത്തിരുന്നിരുന്നത്. കമ്യൂണിസ്റ്റ് പാർട്ടിയുടെ ശക്തികേന്ദ്രമായിരുന്ന പറവൂരിനെ കോൺഗ്രസിൻറെ ഉരുക്കു കോട്ടയാക്കി മാറ്റിയത് സതീശനായിരുന്നു. 2001ൽ പി രാജുവിനെ‍ തോൽപ്പിച്ച് ആദ്യമായി നിയമസഭയിലെത്തി. 2006ൽ കെ.എം ദിവാകരനെയും 2011ൽ സിപിഐയുടെ പന്ന്യൻ രവീന്ദ്രനെയും 2016ൽ ശാരദാ മോഹനെയും 2021ൽ എം.ടി. നിക്സണെയും തോൽപ്പിച്ചു. ഈ തെരഞ്ഞെടുപ്പിൽ ഇ.റ്റി ടൈസണെ പരാജയപ്പെടുത്തി. 2001 മുതൽ ഒരിക്കൽ പോലും പറവൂർ വി.ഡി സതീശനെ കൈയൊഴിഞ്ഞിട്ടില്ല.

Leave a Comment

Your email address will not be published. Required fields are marked *