തിരുവനന്തപുരം: സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലെത്തുന്നതിന് പിന്നാലെ സംസ്ഥാന പൊലീസ് സേനയുടെ പ്രവർത്തനത്തിൽ അഴിച്ചുപണിക്ക് ഒരുങ്ങുകയാണ് പുതിയ സർക്കാർ. ഒന്നാം പിണറായി സർക്കാരിൻറെ കാലത്ത് നടപ്പിലാക്കിയ സ്റ്റേഷൻ ഹൗസ് ഓഫിസർ (എസ്എച്ച്ഒ) സംവിധാനം പൂർണമായും ഉടച്ചുവാർത്ത്, സ്റ്റേഷനുകളുടെ ഭരണം വീണ്ടും സബ് ഇൻസ്പെക്റ്റർമാർക്ക് (എസ്ഐ) കൈമാറാനാണ് ആഭ്യന്തര വകുപ്പിൻറെ നീക്കം. ഇതിന് പകരം, മുൻപുണ്ടായിരുന്ന ‘സർക്കിൾ’ സംവിധാനം തിരിച്ചു കൊണ്ടുവരാനും പദ്ധതിയുണ്ട്. ഇത് സംബന്ധിച്ച് ഡിജിപി രവദ ചന്ദ്രശേഖർ സമഗ്രമായ പദ്ധതി റിപ്പോർട്ട് തയാറാക്കിയതായാണ് വിവരം.
പുതിയ മാറ്റങ്ങൾ അടങ്ങിയ പദ്ധതിയുടെ വിവരങ്ങൾ ഡിജിപി നിയുക്ത ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുമായി നടത്തുന്ന കൂടിക്കാഴ്ചയിൽ സമർപ്പിക്കും. പോലീസ് സ്റ്റേഷനുകളിൽ കൂടുതൽ മെച്ചപ്പെട്ട സേവനവും കാര്യക്ഷമതയും ഉറപ്പാക്കാനായി ഇൻസ്പെക്റ്റർമാരെ (സിഐ) സ്റ്റേഷൻ ഹൗസ് ഓഫിസർമാരാക്കിയ പരിഷ്കാരം പ്രതീക്ഷിച്ച വിജയം കണ്ടില്ലെന്ന സേനയ്ക്കുള്ളിലെ വിലയിരുത്തലിൻറെ അടിസ്ഥാനത്തിലാണ് ഈ പൊളിച്ചെഴുത്ത്. 2018ൽ തുടങ്ങി 2020ഓടെയാണ് സംസ്ഥാനത്തെ 468ഓളം സ്റ്റേഷനുകളുടെ ഭരണം ഇൻസ്പെക്റ്റർമാർക്ക് കീഴിലാക്കിയത്.
എന്നാൽ, സിഐമാർ സ്റ്റേഷനുകളിലെ ദൈനംദിന ഭരണപരമായ പ്രവർത്തനങ്ങളിലും ക്രമസമാധാന പ്രശ്നങ്ങളിലും മുഴുകുന്നതോടെ ഗുരുതരമായ കുറ്റകൃത്യങ്ങൾ അന്വേഷിക്കാൻ ആവശ്യത്തിന് സമയം ലഭിക്കുന്നില്ലെന്ന ആക്ഷേപം ശക്തമായിരുന്നു. പ്രതിവർഷം 3,000ൽ അധികം എഫ്ഐആർ രജിസ്റ്റർ ചെയ്യുന്ന പ്രധാനപ്പെട്ട എ ക്ലാസ് സ്റ്റേഷനുകളിൽ മാത്രമേ ഇനി ഇൻസ്പെക്റ്റർമാർ എസ്എച്ച്ഒമാരായി തുടരുകയുള്ളൂ. കേസുകൾ കുറവുള്ള ബി, സി കാറ്റഗറി സ്റ്റേഷനുകളുടെ ചുമതല എസ്ഐമാർക്ക് മടക്കി നൽകും. പ്രതിവർഷം 500ൽ താഴെ കേസുകൾ മാത്രം വരുന്ന 106 സി കാറ്റഗറി സ്റ്റേഷനുകളാണ് സംസ്ഥാനത്തുള്ളത്.
ഇതിൽ ആദ്യഘട്ടമായി 60 സ്റ്റേഷനുകളുടെ ഭരണം ഉടൻ എസ്ഐമാരെ ഏൽപ്പിക്കും. ബാക്കി സ്റ്റേഷനുകളിൽ രണ്ട് എസ്ഐമാരെ വീതം നിയമിച്ച ശേഷമാകും മാറ്റം. പുതിയ ക്രമീകരണത്തോടെ പ്രധാന സ്റ്റേഷനുകൾ ഒഴികെ, രണ്ട് പൊലീസ് സ്റ്റേഷനുകൾക്ക് ഒരു ഇൻസ്പെക്റ്റർ എന്ന പഴയ സർക്കിൾ ശൈലി നിലവിൽ വരും. ആയിരത്തിൽ താഴെ കേസുകൾ വരുന്ന സ്റ്റേഷനുകളുടെ പൂർണ ചുമതല എസ്ഐമാർക്കായിരിക്കും. സ്റ്റേഷൻ ചുമതലകളിൽ നിന്ന് ഒഴിവാക്കപ്പെടുന്ന സർക്കിൾ ഇൻസ്പെക്റ്റർമാരെ സേനയുടെ മറ്റ് സുപ്രധാന മേഖലകളിലേക്ക് പുനർവിന്യസിക്കും.
സൈബർ സെൽ, പോക്സോ ഡിവിഷൻ, തീവ്രവാദ വിരുദ്ധ സ്ക്വാഡ്(എടിഎസ്), ജില്ലാ ക്രൈം, എആർ ക്യാംപുകൾ എന്നിവിടങ്ങളിലാകും ഇവരെ പ്രധാനമായും നിയമിക്കുക. നിലവിൽ ഉദ്യോഗസ്ഥരുടെ കുറവ് മൂലം ഗുരുതര കേസുകളുടെ അന്വേഷണം ഉൾപ്പടെ കെട്ടിക്കിടക്കുകയാണെന്നാണ് വിവരം. സിഐമാരെ ഈ വിഭാഗങ്ങളിലേക്ക് മാറ്റുന്നതോടെ കേസന്വേഷണങ്ങൾ കൂടുതൽ വേഗത്തിലാക്കാൻ സാധിക്കുമെന്നാണ് എഡിജിപി തല യോഗത്തിൻറെ വിലയിരുത്തൽ. എസ്ഐമാർക്ക് ചുമതല കൈമാറുന്ന സ്റ്റേഷനുകളിലെ പോക്സോ, സംഘടിത ആക്രണങ്ങൾ തുടങ്ങിയ ഗുരുതര കേസുകൾ ഡിവൈ.എസ്പിമാരോ ജില്ലാക്രൈം ബ്രാഞ്ചിലെ ഇൻസ്പെക്റ്റർമാരോ ആയിരിക്കും ഇനി നേരിട്ട് അന്വേഷിക്കുക. സേനയിലെ അച്ചടക്കം കർശനമാക്കുന്നതിൻറെ ഭാഗമായി ഉദ്യോഗസ്ഥർക്കെതിരേയുള്ള നടപടിക്രമങ്ങളിലും മാറ്റം വരും.
