ഇടുക്കി: ജല ജീവൻ മിഷൻ പദ്ധതിയിൽ ജില്ലയിൽ 37,772 ഗാർഹിക കുടിവെള്ള കണക്ഷൻ പൂർത്തീകരിച്ചു. അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് എസ്.ശ്രീജിത്തിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജല ജീവൻ മിഷൻ പദ്ധതിയുടെ പ്രവർത്തന പുരോഗതി വിലയിരുത്തി. വാട്ടർ അതോറിറ്റി തൊടുപുഴ ഡിവിഷനിൽ 12,950 ഗാർഹിക കുടിവെള്ള കണക്ഷൻ പൂർത്തിയാക്കി. ബാക്കി കണക്ഷനുകളുടെ പ്രവർത്തി പുരോഗമിക്കുകയാണ്. പൈനാവ് ഡിവിഷനിൽ 6761 ഗാർഹിക കുടിവെള്ള കണക്ഷനുകൾ പൂർത്തികരിച്ചു. കട്ടപ്പന പ്രോജക്ട് ഡിവിഷന്റെ കീഴിൽ 13,974 ഗാർഹിക കുടിവെള്ള പൈപ്പ് കണക്ഷനുകൾ പൂർത്തിയാക്കി. കട്ടപ്പന ഡിവിഷന്റെ പരിധിയിൽ 22 ജല ശുദ്ധീകരണ ശാലകളാണ് അനുവദിച്ചത്. ഇതിൽ മൂന്നെണ്ണം നിർമ്മാണം പൂർത്തിയായി. ആറെണ്ണത്തിന്റെ പ്രവർത്തികൾ പുരോഗമിക്കുകയാണ്. 13 എണ്ണം ടെണ്ടർ നടപടികളിലാണ്.
ജില്ലയിൽ ജലനിധിയിൽ ഉൾപ്പെടുത്തി 3602 കുടിവെള്ള കണക്ഷനുകളും, ഗ്രൗണ്ട് വാട്ടർ ഡിപ്പാർട്ട്മെന്റ് മുഖേന 485 ഗാർഹിക കുടിവെള്ള കണക്ഷനുകളും നൽകി. ജില്ലയിൽ വിവിധ ഭാഗങ്ങളിൽ ജല ജീവൻ മിഷൻ കുടിവെള്ള പദ്ധതിക്ക് പൈപ്പ് ഇടുന്നതിന് പൊളിച്ച റോഡുകൾ അടിയന്തരമായി പുനർനിർമ്മിക്കാൻ എഡിഎം ജല അതോറിറ്റി ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. ഇതുമായി ബന്ധപ്പെട്ട റിപ്പോർട്ട് ഉടൻ സമർപ്പിക്കാനും ആവശ്യപ്പെട്ടു.
എഡിഎമ്മിന്റെ ചേമ്പറിൽ ചേർന്ന യോഗത്തിൽ അടിമാലി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.കെ മോഹൻ നായർ, വാട്ടർ അതോറിറ്റി തൊടുപുഴ പി.എച്ച് ഡിവിഷൻ എക്സിക്യുട്ടീവ് എഞ്ചിനീയർ ടി.എൻ സജി, കട്ടപ്പന പ്രോജക്ട് ഡിവിഷൻ എക്സിക്യുട്ടീവ് എഞ്ചിനിയർ സുധീർ എം, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
