മലപ്പുറം: തുഞ്ചത്തെഴുത്തച്ഛൻ മലയാളസർവകലാശാലയിൽ രാഷ്ട്രീയ പ്രവർത്തനത്തിന് വിലക്കേർപ്പെടുത്തി. ഗവർണർ രാജേന്ദ്ര ആർലേക്കറുടെ നിർദേശത്തിൽ പുതിയ പെരുമാറ്റച്ചട്ടം പുറത്തിറക്കി. രാഷ്ട്രീയ പ്രവർത്തനം നടത്തിയാൽ അച്ചടക്ക നടപടി സ്വീകരിക്കുമെന്നാണ് പെരുമാറ്റച്ചട്ടത്തിൽ പറയുന്നത്. വിദ്യാർത്ഥികളെ സംഘടിപ്പിക്കുന്നതിനും ക്യാമ്പസിനുള്ളിൽ മുദ്രാവാക്യം വിളിക്കുന്നതിനും നിരോധനമുണ്ട്. ക്യാമ്പസിനുള്ളിൽ അനധികൃതമായ രാഷ്ട്രീയ പ്രവർത്തനം പാടില്ലെന്നും അനധികൃതമായി രാഷ്ട്രീയ പ്രവർത്തനം നടത്തിയാൽ അച്ചടക്ക നടപടി സ്വീകരിക്കുമെന്നും പെരുമാറ്റച്ചട്ടത്തിൽ പറയുന്നു. സംഭവത്തിൽ പ്രതിഷേധവുമായി എസ്എഫ്ഐ രംഗത്തെത്തി. പെരുമാറ്റച്ചട്ടം പിൻവലിക്കാൻ ആവശ്യപ്പെട്ട് എസ്എഫ്ഐ മലയാളസർവകലാശാലയുടെ ഭാഗമായി സിൻഡിക്കേറ്റ് മാർച്ച് സംഘടിപ്പിക്കും. മലയാളസർവകലാശാലയിലെ പൊതുപ്രവേശന പരീക്ഷ എടുത്തു കളയുന്നതിനെതിരേയും എസ്എഫ്ഐ പ്രതിഷേധം സംഘടിപ്പിക്കുന്നുണ്ട്. ഗവർണർ തീക്കൊള്ളി കൊണ്ട് തല ചൊറിയുന്നുവെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ് പറഞ്ഞു.
