മുംബൈ: മഹാരാഷ്ട്രയിൽ കഴിഞ്ഞ മൂന്ന് മാസത്തിനിടെ 4.88 ലക്ഷത്തിലധികം പേർക്ക് നായകളുടെ കടിയേറ്റു. സർക്കാർ പൊതുജനങ്ങൾക്കു മുന്നിൽ വച്ച കണക്കുകൾ ശാസ്ത്രീയമായ രീതിയിൽ ശേഖരിച്ചതല്ലെന്നാണ് ആക്ടിവിസ്റ്റുകളുടെ പ്രധാന ആക്ഷേപം. നായ്ക്കളുടെ കടിയേറ്റ് ഒരാൾ തന്നെ അഞ്ചോ ആറോ തവണ പ്രതിരോധ കുത്തിവയ്പ്പിനായി ആശുപത്രികളിൽ എത്തുമ്പോൾ, ഓരോ സന്ദർശനത്തെയും പുതിയ കേസുകളായാണ് അധികൃതർ രേഖപ്പെടുത്തിയിരിക്കുന്നത്.
ഡേറ്റ എൻട്രിയിലെ ഈ ഗുരുതരമായ പിഴവാണ് യഥാർഥത്തിലുള്ളതിനെക്കാൾ വലിയ സംഖ്യ കണക്കുകളിൽ വരാൻ കാരണമെന്നാണ് വാദം. സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളുടെ കീഴിൽ നടപ്പിലാക്കേണ്ട അനിമൽ ബർത്ത് കൺട്രോൾ പദ്ധതികൾ പൂർണമായും പരാജയപ്പെട്ടതാണ് തെരുവുനായ്ക്കളുടെ എണ്ണം വർധിക്കാൻ കാരണം.
സുപ്രീം കോടതിയുടെയും ആനിമൽ വെൽഫെയർ ബോർഡിന്റെയും മാനദണ്ഡങ്ങൾ ലംഘിച്ചാണ് പലയിടങ്ങളിലും വന്ധ്യംകരണ പ്രക്രിയകൾ നടക്കുന്നതെന്നും ഇവർ ആരോപിക്കുന്നു. വന്ധ്യംകരണവും വാക്സിനേഷനും കൃത്യമായി നടക്കാത്തതിനാൽ നഗര-ഗ്രാമ വ്യത്യാസമില്ലാതെ തെരുവുകളിൽ നായ്ക്കൾ പെരുകുകയാണ്. തെരുവുനായ്ക്കളുടെ ശല്യം പരിഹരിക്കാൻ യുദ്ധകാലാടിസ്ഥാനത്തിൽ കൃത്യമായ വന്ധ്യംകരണ പദ്ധതികളും വാക്സിനേഷൻ ഡ്രൈവുകളും ജനപങ്കാളിത്തത്തോടെ നടപ്പിലാക്കണമെന്ന ആവശ്യവും ശക്തമാണ്.
