VBC NEWS THODUPUZHA

neyyasserykaran@gmail.com

98471 41115

കാൻസർ ബാധിച്ചിട്ടും ചികിത്സ തേടാതെ രണ്ടു വർഷം കൂടി ജീവിച്ച റ്റി.വി ജോസഫെന്ന കാലായിൽ സാറിൻ്റെ ഓർമ്മകളിലൂടെ…

വാഴക്കുളം: ശിഷ്യരും നാട്ടുകാരും സ്നേഹപൂർവ്വം കാലായിൽ സാർ എന്ന് വിളിച്ചിരുന്ന വാഴക്കുളം കാലായിൽ റ്റി.വി ജോസഫ്(മുൻ അധ്യാപകൻ, ഐ.എം.എച്ച്.എസ്, കലൂർ – 83) യാത്രയാകുന്നത് സമൂഹത്തിന് ഒട്ടേറെ സന്ദേശങ്ങൾ നൽകിയാണ്. രണ്ടു വർഷം മുമ്പാണ് തനിക്ക് ലിവറിനും, കിഡ്ണിക്കും കാൻസർ ആണന്നറിഞ്ഞത്. എന്നാൽ ബന്ധുക്കളെയും സുഹൃത്തുക്കളെയുമൊക്കെ അത്ഭുതപ്പെടുത്തികൊണ്ട് തനിക്ക് ഒരു വിധ ചികിൽസകളും വേണ്ടായെന്ന തീരുമാനം എടുക്കുകയായിരുന്നു റ്റി.വി ജോസഫ്. അദ്ദേഹം രചിച്ച ഒരു പുസ്തകത്തിൽ ഈ രോഗത്തെക്കുറിച്ച് പ്രതിപാദിച്ചിട്ടുമുണ്ട്.

കുടുംബവും അദ്ദേഹത്തിന്റെ നിലപാടുകൾ അംഗീകരിച്ചു. ഒരു ചികിൽസയും കാൻസറിന് വേണ്ടി നടത്തിയില്ല. വലിയ ബുദ്ധിമുട്ട് ഒന്നും കൂടാതെ വസതിയിൽ കിടന്നാണ് മരിച്ചത്. അവസാന നിമിഷം വരെയും നല്ല ബോധമുണ്ടായിരുന്നു.

പൊതുപ്രവർത്തന രംഗത്തും അദ്ദഹം അവസാന നിമിഷവും സജീവമായിരുന്നു. സംസ്ഥാന സർക്കാരിന്റെ പാഠപുസ്തക നിർമ്മാണ കമ്മിറ്റിയിൽ അംഗമായിരുന്നു, കെ.കെ.എസ്.എസ്.എഫ് എന്ന സംഘടനയുടെ സജീവ പ്രവർത്തകനും മഞ്ഞള്ളൂർ യൂണിറ്റ് പ്രസിഡന്റുമായിരുന്നു. മൂവാറ്റുപുഴ ഈസ്റ്റ് മേഖലാ പ്രസിഡന്റായും പ്രവർത്തിച്ചു. വാഴക്കുളം സീനിയർ സിറ്റിസൺ സംഘാടകനായും പ്രസിഡന്റായും പ്രവർത്തിച്ചു. തൊടുപുഴ കേന്ദ്രമായി പ്രവർത്തിക്കുന്ന KCRM കത്തോലിക്കാ സഭ നവീകരണ പ്രസ്ഥാനത്തിലും സജീവമായി പ്രവർത്തിച്ചിരുന്നു. ഏഴോളം ഗ്രന്ഥങ്ങളുടെ രചനയും പ്രസിദ്ധീകരണവും നിർവഹിച്ചിട്ടുണ്ട് . അദ്ദേഹത്തിന്റെ പുസ്തകങ്ങൾ ദരിദ്രർ ഭാഗ്യവാന്മാർ (നാടകം, കാവക്കാട് പള്ളിയുടെ ഉൾപ്പെടെ ഒരുപാടു സ്റ്റേജുകളിൽ അവതരിപ്പിച്ചിട്ടുണ്ട് ) കത്തോലിക്കാ സഭയുടെ 10 കൽപ്പനകൾ, ഫ്രാൻസിസ് മാർപാപ്പയും കത്തോലിക്കാ സഭയും , യേശുവിനെ ക്രൂശിക്കുന്നവർ, കത്തോലിക്കാ സഭയും തുറക്കാത്ത ജാലകങ്ങളും , അജ്ഞാത സുവിശേഷം . തുടങ്ങിയ പുസ്തകങ്ങളാണ് അദ്ദേഹം രചിച്ചത്. ഇപ്പോൾ താമസിക്കുന്ന ചിറപ്പടിയിൽ റസിഡന്റ് അസോസിയേഷനിലുo സജീവമായി പ്രവർത്തിക്കുന്നു. ചിറയുടെ പുനരുദ്ധാരണത്തിലും മുഖ്യ പങ്കു വഹിച്ചു.

കാവക്കാട്ടെ വിശേഷങ്ങൾ……………..

1975 മുതൽ വേങ്ങൂരാനച്ചന്റെ കാലത്ത് കാവക്കാട് സൺഡെ സ്കൂൾ അദ്ധ്യാപകനായി സേവനം ചെയ്തു. 1975 വരെ കാവക്കാട് സണ്ടെ സ്കൂൾ 7 വരെയെ ഉണ്ടായിരുന്നുള്ളു. വേങ്ങൂരാനച്ചനാണ് 8, 9, 10 ക്ലാസ്സുകൾആരംഭിച്ചത്. കാലായി സാർ ആണ് പത്താം ക്ലാസ്സിൽ ആദ്യമായി പഠിപ്പിച്ചത്.അക്കാലത് സാർ പള്ളിക്കാര്യങ്ങളിൽ സജീവമായി പ്രവർത്തിച്ചിരുന്നു. അന്ന് CYO എന്നാണ് യുവജനപ്രസ്ഥാനത്തിന്റെ പേര്.കാലായി സാറും അതിന്റെ നേതൃനിരയിലുണ്ടായിരുന്നു. 50 വർഷം മുമ്പ് അന്നത്തെ യുവജനങ്ങളുടെ വൈകുന്നേരങ്ങളിലെ അദ്ധ്വാനമായിരുന്നു ഇന്നത്തെ കാവക്കാട് സെമിത്തേരിയുടെ ആദ്യഭാഗവും താഴെ കുരിശിൻ തൊട്ടിയും . ഇന്നത്തെപ്പോലെ ഒരു മെഷിനറിയും ഇല്ലാത്ത കാലം. ഇതിന്റെയൊക്കെ നേതൃനിരയിലായിരുന്നു കാലായി സാർ . സെമിത്തേരിയിലേക്ക് മണ്ണും, കല്ലും കുറെ ചുമന്നിട്ടുണ്ട് .നെടുങ്ങാട്ട് ജോസ് സാർ , മാത്യുസാർ , കൊച്ചേട്ടൻ, പുതിയ കൈക്കാരൻ ജോസ് ചേട്ടൻ , വടക്കേ പുത്തൻ പുര ജോർജ് ചേട്ടൻ , പേരിയക്കോട്ടിൽ മത്തച്ചൻ ചേട്ടൻ , തുടങ്ങിയവരൊക്കെ അന്നു നേതൃനിരയിലുണ്ടായിരുന്നു.

ഇന്ന് വിൻസെന്റ് ഡീപോൾ കെട്ടിടം ഇരുന്നിടത്ത് പണ്ട് പുലരി ആർട്ട്സ് &സ്പോർട്ട്സ് ക്ളബ്ബ് ആയിരുന്നു. സാർ അന്ന് അതിന്റെ സജീവ ഭാരവാഹിയായിരുന്നു. അന്ന് പുറം ടീമുകളെത്തിയ വടംവലിയും, വോളി ബോൾ ടൂർണമെന്റുകൾക്കും നേതൃത്വം നൽകി.ആ ക്ലബ്ബിൽ വലിയ ഒരു റേഡിയോയും കോളാമ്പി സ്പീക്കറും ഉണ്ടായിരുന്നു.

കേരള കോൺഗസ് കോതമംഗലം നിയോജക മണ്ഡലം പ്രസിഡന്റായിരിക്കെ , TM ജേക്കബ് വിദ്യാഭ്യാസ മന്ത്രിയും ആയിരുന്നു., തന്റെ സ്വാധീനമുപയോഗിച്ച് കാവക്കാട് T M ജേക്കബിനെ കൊണ്ടു് ഒരു LP സ്കൂൾ അനുവദിപ്പിച്ചു. (അന്ന് പത്രത്തിൽ വലിയ വാർത്തയായിരുന്നു.)ഇവിടെ ഒരു വർഷക്കാലം ക്ലാസും നടത്തിയിരുന്നു. തീക്കുന്നേൽ സാറായിരുന്നു ക്ളാസ് എടുത്തത്. എന്നാൽ ചില സമീപ സ്കൂളുകൾ കേസു കൊടുക്കുകയും, ചിലർ അവരുടെ കൂടെ കൂടുകയും ‘ചെയ്തതോടെ സ്ക്കൂൾ കാവക്കാടിനു നഷ്ടപ്പെട്ടു. അതിൽ അദ്ദേഹത്തിന് ദുഖമുണ്ടായിരുന്നു .. ശരിയെന്നു തോന്നുന്ന നിലപാടുകളിൽ അദ്ദേഹം മുറുകെ പിടിക്കുകയും, തെറ്റ് ചൂണ്ടിക്കാണിച്ചാൽ അത് അംഗികരിക്കാനും മടിയില്ലായിരുന്നു. വേങ്ങൂരാൻ അച്ചൻ ഇവിടിരുന്ന സമയം ഓണമൽസരങ്ങളും ആഘോഷവും സ്കൂളിലേതുപോലെ ആയിരുന്നു. പേരമംഗലം സർവ്വീസ് സഹകരണ ബാങ്കിൽ ഡയറക്ടറായും, പ്രസിസന്റായും സേവനം ചെയ്തു.ബാങ്കിന്റെ ആരംഭകാലത്ത് ബാങ്കിന്റെ പുരോഗതിക്കു വേണ്ടി ഒത്തിരി അദ്ധ്വാനിച്ചിട്ടുണ്ട്. സാറ് നാട്ടുകാരായ കുറെ പേർക്ക് അവിടെ ജോലി കൊടുത്തിട്ടുണ്ട്. അവരിപ്പോഴും നന്ദിയോടെയാണ് സാറിനെ ഓർക്കുന്നത്. .

നായാട്ടിൽ വലിയ കമ്പക്കാരനായിരുന്നു സാർ. കാവക്കാടായിരുന്നപ്പോൾ മിക്ക ദിവസവും രാത്രി തോക്കെടുത്തു പോകുമായിരുന്നു. മീൻ പിടിത്തത്തിലും വിദഗ്ദനായിരുന്നു. വീശുവലയുപയോഗിച്ചും , അല്ലാതെയും കാളിയാർ പുഴയിൽ നിന്നുo കുറെയധികം മീനുകളെ പിടിച്ചിട്ടുണ്ട്.

കാലായി സാറിന്റെ ഭൗതികശരീരം ബുധൻ വൈകിട്ട് 5 മണിക്ക് വസതിയിൽ എത്തിക്കും. സംസ്കാര ശുശ്രൂഷകൾ വ്യാഴാഴ്ച രാവിലെ 11 മണിക്ക് വസതിയിൽ ആരംഭിച്ച്, വാഴക്കുളം സെന്റ് ജോർജ്ജ് ഫൊറാനാപള്ളി കുടുംബക്കല്ലറയിൽ.

ഭാര്യ: മേരി പുറപ്പുഴ നാഗശ്ശേരിൽ കുടുംബാംഗം. മക്കൾ: ബിനോളിൻ (യുഎസ്എ), ബിജോ (ഓസ്‌ട്രേലിയ), ബിനോജ് (യുഎസ്എ), ബിസ്റ്റോൾ (ഓസ്‌ട്രേലിയ). മരുമക്കൾ: ചെറിയാൻ തോമസ് പുത്തൻവീട്ടിൽ ഭുവനേശ്വർ, സിനി മേരി ആന്റണി വടക്കേടം തിരുവനന്തപുരം, ജിഷ മാത്യു കാവുങ്കൽ കട്ടപ്പന, ഫ്രാൻസിസ് പാനികുളം കാട്ടൂർ.

Leave a Comment

Your email address will not be published. Required fields are marked *